ഒറ്റരാത്രി: കാട്ടുപന്നിക്കൂട്ടം തകർത്തത് 350 മൂട് കപ്പ
Mail This Article
തൂക്കുപാലം ∙ നാലാം തവണയും കപ്പക്കൃഷി കാട്ടുപന്നിക്കൂട്ടം തകർത്തെറിഞ്ഞു. ഒറ്റ രാത്രിയിൽ കൃഷിയിടത്തിന്റെ സംരക്ഷണ വേലി തകർത്ത കാട്ടുപന്നിക്കൂട്ടം 350 മൂട് കപ്പക്കൃഷിയാണു തകർത്തത്. വിളവെടുപ്പിന് പാകമായ കൃഷി നശിച്ചതോടെ കർഷകന് വൻ സാമ്പത്തിക നഷ്ടം. തൂക്കുപാലം കാർത്തിക സി.കെ.ബാബുവിന്റെ പുരയിടത്തിലാണ് കാട്ടുപന്നി നിരന്തരമായി കനത്ത നാശനഷ്ടം വിതയ്ക്കുന്നത്.
കഴിഞ്ഞ വർഷം 2000 മൂട് കപ്പക്കൃഷി കാട്ടുപന്നി തകർത്തിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും സംരക്ഷണ വേലി നിർമിച്ചാണ് ബാബു കപ്പയിട്ടത്. വശങ്ങളിൽ കുറ്റിയടിച്ച ശേഷം കമ്പികൾ വലിച്ചു കെട്ടിയാണ് ഇതുവരെ സംരക്ഷിച്ചത്. കൂട്ടമായെത്തിയ കാട്ടുപന്നിക്കൂട്ടം സംരക്ഷണവേലി തകർത്ത് കപ്പയുടെ ചുവട് മാന്തി കിഴങ്ങ് അകത്താക്കി. ഇതോടെ ബാബുവിന് വൻ നഷ്ടമാണ് സംഭവിച്ചത്.
നാലാം തവണയാണ് കാട്ടുപന്നിക്കൂട്ടം പുരയിടത്തിൽ സമ്പൂർണ നാശം വിതച്ചത്. ശല്യം രൂക്ഷമായതോടെ ബാബു കിഴങ്ങ് വർഗങ്ങളായ ചേമ്പ്, ചേന, കാച്ചിൽ കൃഷി ഉപേക്ഷിച്ചിരുന്നു. ചേമ്പ് കൃഷിക്ക് വംശനാശം സംഭവിക്കാതിരിക്കാനായി തകര ഷീറ്റ് മറച്ചാണ് ഇപ്പോഴത്തെ കൃഷി. ഇവിടെയും പന്നിക്കൂട്ടം എത്തുമെന്ന ഭീതി ബാബുവിനുണ്ട്. വീടിനു മുറ്റത്ത് സംരക്ഷിച്ച് കൃഷി ചെയ്തിരുന്ന കാച്ചിൽ നഷ്ടമായതിന്റെ വേദനയും ബാബുവിനുണ്ട്. 2 വർഷം കൂടുമ്പോഴാണ് കാച്ചിൽ വിളവെടുത്തിരുന്നത്.
ഒരു മൂടിൽ നിന്ന് 30 കിലോ മുതൽ 50 കിലോ വരെയുള്ള കാച്ചിൽ ലഭിച്ചിരുന്നു. ഈ കാച്ചിൽ കാട്ടുപന്നിക്കൂട്ടമെത്തി വലിയ തോതിൽ കുഴി മാന്തി മുഴുവനും ഭക്ഷിച്ചു. കാച്ചിൽ വിളവെടുപ്പ് നടത്തുന്നത് ശ്രമകരമായ കാര്യമാണ്. എന്നാൽ, പന്നിക്കൂട്ടം ചുറ്റും കുഴിച്ച ശേഷമാണ് കാച്ചിൽ തിന്നത്. വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.