ADVERTISEMENT

നെടുങ്കണ്ടം ∙ കാട്ടുപന്നിക്കൂട്ടം ഏലക്കായ തിന്നു തീർക്കാൻ തുടങ്ങിയതോടെ പൊറുതിമുട്ടി കർഷകർ. പുളിയൻമല മേഖലയിലെ ഏലത്തോട്ടങ്ങളിലാണ് കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്യം വ്യാപകമായത്. വിലയിടിവിനു പിന്നാലെ വിളവെടുപ്പിന് പാകമായ ഏലക്കായയും പുതിയ ഇളം ചിമ്പുകളും കാട്ടുപന്നി അകത്താക്കിയതോടെ ഏലം കർഷകർക്ക് വ്യാപക നാശം. സാധാരണ കാട്ടുപന്നി ശല്യം വിതച്ചിരുന്നതു കിഴങ്ങ് വർഗങ്ങളുള്ള പുരയിടങ്ങളിലാണ്.

കപ്പ, വാഴ, കാച്ചിൽ, ചേമ്പ്, ചേന എന്നിവയാണ് അകത്താക്കിയിരുന്നത്. ഏലത്തോട്ടങ്ങളിൽ ശല്യം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഏലക്കായ തിന്നിരുന്നില്ല. പുളിയൻമല നെടുമ്പാറക്കൽ ഷാജിയുടെ ഏലത്തോട്ടത്തിലാണ് കാട്ടുപന്നി ഏലക്കായ തിന്നു നശിപ്പിച്ചത്. പ്രദേശത്തെ മറ്റ് കർഷകർക്കും ഇതേ അവസ്ഥയാണ്. ഏലച്ചെടികളും പന്നിക്കൂട്ടം നശിപ്പിച്ചു. വീടിന് മുൻവശത്ത് വരെയെത്തിയ പന്നിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. 4 കാട്ടുപന്നികളാണു വീടിന് മുൻഭാഗത്ത് എത്തിയത്.

രാത്രികാലമായാൽ പുറത്ത് പോലും ഇറങ്ങാനാവാത്ത സ്ഥിതിയാണ് പ്രദേശത്തുള്ളത്. പകൽ സമയത്ത് പ്രദേശത്തെ ഏലത്തോട്ടങ്ങളുടെ ഉൾഭാഗത്ത് കാട്ടുപന്നിക്കൂട്ടം തമ്പടിക്കുന്നതായാണു നാട്ടുകാർ പറയുന്നത്. രാത്രി കാലമാകുന്നതോടെ ജനവാസ മേഖലകളിലേക്ക് എത്തും. വിളവെടുപ്പിന് പാകമായ ഏലക്കായ കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുന്നത് കർഷകർക്ക് തലവേദനയായി. എലക്കായയുടെ അരി മാത്രം ഭക്ഷിച്ച ശേഷം പുറന്തോട് പുറംതള്ളി. ഇതുവരെ ഇങ്ങനൊരു പ്രതിഭാസം ഉണ്ടായിട്ടില്ലന്നും കർഷകർ പറയുന്നു.

പഴുത്ത ഏലക്കായുടെ മധുരമുള്ള രുചിയാകാം പന്നിക്കൂട്ടത്തെ ആകർഷിക്കുന്നതെന്നാണു വിദഗ്ധരുടെ അഭിപ്രായം. പന്നിക്കൂട്ടം ഏലക്കായ തിന്നുന്നത് ശീലമാക്കിയാൽ തോട്ടം മേഖലയിൽ വ്യാപക നാശമായിരിക്കും ഫലം. കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുന്നവയെ കണ്ടെത്തി വെടിവച്ച് കൊലപ്പെടുത്താൻ വനംവകുപ്പ് ലൈസൻസുള്ള തോക്കുള്ളവരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ സേവനം മേഖലയിൽ ഉറപ്പാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com