മാങ്കുളം പഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷം
Mail This Article
അടിമാലി∙ മാങ്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. കഴിഞ്ഞ ദിവസം താളുംകണ്ടത്ത് പുളിക്കൽ തോമസ്, മുല്ലൂർ റോയി എന്നിവരുടെ കൃഷി ദേഹണ്ഡങ്ങൾ കാട്ടുപന്നികൾ നശിപ്പിച്ചു. കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയ ദേഹണ്ഡങ്ങൾ ആണ് കൂടുതലായി നശിപ്പിച്ചത്. ഇതോടൊപ്പം സമീപ പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാകുകയാണ്.
വേനൽ കടുത്തതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നതായി കർഷകർ പറയുന്നു. കൃഷിയിടങ്ങളിൽ എത്തുന്ന പന്നികളെ വെടിവച്ച് കൊല്ലുന്നതിന് വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലത്രേ. ലൈസൻസുള്ള തോക്കുള്ള വരെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പന്നിയെ വെടിവച്ചു കൊല്ലേണ്ടത്. ഒരാഴ്ച വരെ നിരീക്ഷിച്ചാലാണ് കൃഷിയിടത്തിൽ എത്തുന്ന പന്നിയെ കണ്ടെത്തി വെടിവച്ചു കൊല്ലാൻ കഴിയുന്നത്. ഇതിനു ലഭിക്കുന്ന പ്രതിഫലം 1,000 രൂപ മാത്രമാണ്. ഇക്കാരണത്താൽ പന്നികളെ കൊല്ലുന്നതിന് വിദഗ്ധരെ ലഭിക്കാത്ത സാഹചര്യമാണുള്ളത്.