മാലിന്യവാഹിനിയായി തൊടുപുഴയാർ, കറുത്തൊഴുകുന്നു മുതിരപ്പുഴയാർ; ജലദിനത്തിൽ ഇടുക്കിക്ക് ദാഹിക്കുന്നു
Mail This Article
മഴക്കാലത്തു വെള്ളപ്പൊക്കവും വേനലിൽ കൊടുംവരൾച്ചയും എന്ന അവസ്ഥയിലേക്കാണ് പ്രകൃതിയുടെ യാത്ര. പുഴകൾ മലിനമാക്കി സ്വാഭാവിക ഒഴുക്കുകൾ ഇല്ലാതാക്കുന്നതോടെ ഭൂഗർഭജല വിതാനത്തിന്റെയും താളം തെറ്റുന്നു. പുഴകളാൽ സമ്പന്നമായ ജില്ലയുടെ ഇന്നത്തെ അവസ്ഥ ആശങ്കാജനകമാണ്. .
തൊടുപുഴ∙ ജലാശയങ്ങളാൽ സമ്പന്നമാണ് ഇടുക്കിയെങ്കിലും വേനൽക്കാലമായാൽ പല പ്രദേശങ്ങളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ജനം. കിണറുകൾ വറ്റിത്തുടങ്ങി. പുഴകളിലെ വെള്ളം കുറഞ്ഞു. തോടുകൾ പലതും ഉണങ്ങി. ജല ഉപയോഗത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള മലയാളികൾക്കു വേനലിൽ ആവശ്യത്തിനുപയോഗിക്കാൻ വെള്ളമുണ്ടാകണമെങ്കിൽ മഴയുള്ളപ്പോൾ കരുതിവച്ചേ മതിയാകൂ.
ജലമില്ലെങ്കിൽ ജീവനുമില്ല എന്ന ഓർമപ്പെടുത്തലുമായാണ് ഓരോ മാർച്ച് 22 നും ലോക ജലദിനം കടന്നുവരുന്നത്. ജലസ്രോതസ്സുകളും വനങ്ങളും സംരക്ഷിക്കാനും മാലിന്യനിർമാർജന പദ്ധതി നടപ്പാക്കാനും സർക്കാരും തദ്ദേശസ്‌ഥാപനങ്ങളും മുന്നിട്ടിറങ്ങിയാൽ വേണ്ടതിലേറെ വെള്ളം നമുക്കു ലഭ്യമാകും.
മാലിന്യവാഹിനിയായി തൊടുപുഴയാറും
വർഷം മുഴുവനും ജല സമൃദ്ധമായ തൊടുപുഴയാറും മാലിന്യവാഹിനിയായി മാറുന്ന കാഴ്ചയാണ്. മാലിന്യവും പ്ലാസ്റ്റിക്കും പുഴയിൽ തള്ളുന്നതു തടയാൻ ഫലപ്രദമായ നടപടിയില്ല. ഗാർഹിക മാലിന്യങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി നിർബാധം പുഴയിലൊഴുക്കുന്നു. മത്സ്യ–മാംസ അവശിഷ്ടങ്ങൾ വരെ ഇത്തരത്തിൽ പുഴയിൽ തള്ളുന്നവരുണ്ട്. പ്ലാസ്റ്റിക് കുപ്പികളും മറ്റും വെള്ളത്തിലൂടെ ഒഴുകുന്നതും പതിവു കാഴ്ചയാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് മാലിന്യം പുഴയിലും പുഴയോരത്തും തള്ളിയ സംഭവങ്ങളും ഏറെ. പല ഭാഗത്തും പുഴയുടെ വശങ്ങളിൽ കാടും പായലും കയറിയ നിലയിലാണ്.
ഒട്ടേറെപ്പേർ കുളിക്കാനും തുണിയലക്കാനും ആശ്രയിക്കുന്ന പുഴയാണിത്. ശുദ്ധജല വിതരണ പദ്ധതിക്കും തൊടുപുഴയാറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മാലിന്യം തള്ളൽ വർധിച്ചത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഉൾപ്പെടെ ഇടയാക്കുമെന്ന ആശങ്കയുണ്ട്. ഓടകളിലൂടെയും വൻ തോതിൽ മലിനജലം തൊടുപുഴയാറ്റിൽ വന്നുചേരുന്നുണ്ട്. ഇതു ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിക്കാൻ ഇടയാക്കിയതായും മുൻപു ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
ചില ഹോട്ടലുകൾ, വീടുകൾ, ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഉൾപ്പെടെയാണ് ഇപ്രകാരം പുഴയിൽ വന്നുചേരുന്നത്. പുഴയിലേക്കു മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കം നടപടികൾ ശക്തമാക്കിയെങ്കിലും നിയമലംഘനം തുടരുകയാണ്. പുഴയിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനു നഗരസഭ 7 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയുടെ പ്രവർത്തനം മാസങ്ങളായി നിലച്ചു കിടക്കുകയാണ്.
ഉറവകൾ പുനർജനിക്കുമ്പോൾ
വറ്റിപ്പോയ കുഴൽകിണറുകളിൽ ഉറവകൾ പുനർജനിച്ചു. നെടുങ്കണ്ടം എക്സൈസ് ഓഫിസ് പരിസരത്തെയും നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിസരത്തെയും കുഴൽ കിണറാണ് ഭൂജല വകുപ്പിന്റെ കിണർ റീചാർജിങ് പദ്ധതിയിലൂടെ പുനർജന്മം നേടിയത്. എക്സൈസ് ഓഫിസ് സമുച്ചയത്തിലെ ആവശ്യങ്ങൾക്ക് വെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയായിരുന്നു ഇക്കാലമത്രയും. ഓഫിസ് വളപ്പിലെ കുഴൽ കിണറിൽ വെള്ളമില്ല. ഈ സാഹചര്യത്തിലാണ് ഭൂജല വകുപ്പ് സർക്കാർ ഓഫിസുകളിൽ കിണർ റീചാർജിങ് പദ്ധതി ആവിഷ്കരിച്ചത്.
അങ്ങനെ നെടുങ്കണ്ടം എക്സൈസ് ഓഫിസിന്റെ മേൽക്കൂരയിലും പൊലീസ് സ്റ്റേഷൻ മേൽക്കൂരയിലും പതിക്കുന്ന ഒരു തുള്ളി വെള്ളം പോലും പാഴാകാതെ കൃത്യമായി റീചാർജിങ് സ്റ്റേഷനിലേക്ക് എത്തിക്കാൻ സംവിധാനമൊരുക്കി. ആദ്യ പരിശോധനയിൽ കുഴൽകിണറിൽ ജലസാന്നിധ്യം കുറവായിരുന്നു. കഴിഞ്ഞ ദിവസം ഭൂജല വകുപ്പ് നടത്തിയ പരിശോധനയിൽ ജലവിതാനം ഉയർന്നതായി കണ്ടെത്തി. കുഴൽ കിണറിൽ മോട്ടർ സ്ഥാപിക്കാൻ അപേക്ഷ നൽകാനും എക്സൈസ് ഉദ്യോഗസ്ഥരോട് ഭൂജലവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
മോട്ടർ സ്ഥാപിക്കുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. സർക്കാർ ഓഫിസ് കെട്ടിടങ്ങളുടെ പരിസരത്തെ കുളങ്ങളും കിണറുകളും റീചാർജ് ചെയ്യാൻ ഭൂജല വകുപ്പിന്റെ ബോർവെൽ റീചാർജിങ് പദ്ധതിയാണ് നടപ്പിലാക്കിയത്. മഴ പെയ്ത് മേൽക്കൂരയിലേക്ക് പതിക്കുന്ന വെള്ളം പ്രത്യേക സംവിധാനത്തിലുടെ ശുദ്ധീകരിച്ച് കുഴൽ കിണറിന്റെ പരിസരത്തേക്ക് ഇറക്കും.
ഒന്നുരണ്ടു വർഷം കൊണ്ട് ജലവിതാനം ഉയരും. ഹരിത മിഷൻ തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ ജലക്ഷാമം നേരിടുന്ന മേഖലകളിലെ വീടുകളിലും ജലനിരപ്പ് ഉയർത്തി നൽകുന്ന പദ്ധതിയും ഭൂജലവകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ഒരു കോടി രൂപയും വകുപ്പിന് സർക്കാർ അനുവദിച്ചിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിസരത്തും കിണർ റീചാർജിങ് യൂണിറ്റ് സ്ഥാപിച്ചതും വിജയകരമായിട്ടുണ്ട്.
കറുത്തൊഴുകുന്നു, മുതിരപ്പുഴയാർ
പശ്ചിമഘട്ട മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്നതും ഒരുകാലത്ത് വേനലിലും ജലസമൃദ്ധവുമായിരുന്ന മുതിരപ്പുഴയാർ ഇന്ന് മഴക്കാലത്ത് പ്രളയം സൃഷ്ടിക്കുകയും വേനലിൽ വറ്റിവരളുകയും ചെയ്യുന്ന സ്ഥിതിയിലാണ്. മാലിന്യം തള്ളലും തീരകയ്യേറ്റങ്ങളും ഈ പുഴയെ അനുദിനം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. മൂന്നാർ ടൗൺ മധ്യത്തിലൂടെയാണ് മുതിരപ്പുഴയാർ കടന്നുപോകുന്നത്. മാലിന്യം നിറഞ്ഞ് അഴുക്കുചാലിനു സമമാണ് ഈ ഭാഗത്ത് പുഴ. പുഴയിൽ കലരുന്ന രാസമാലിന്യങ്ങൾമൂലം കറുത്ത നിറത്തിലാണ് വെള്ളം.
വർഷങ്ങളായി ഇതാണ് അവസ്ഥയെങ്കിലും കാരണക്കാരെ കണ്ടെത്തുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ അധികൃതർ തയാറാവുന്നില്ല. ഈ മലിനജലമാണ് കുഞ്ചിതണ്ണി മേഖലയിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സ്. പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തുന്നതിനും തടയുന്നതിനും പഞ്ചായത്ത് അഞ്ചു ലക്ഷം മുടക്കി നിരീക്ഷണ ക്യാമറ വരെ സ്ഥാപിച്ചെങ്കിലും 6 മാസം മാത്രമാണ് പ്രവർത്തിച്ചത്.
അധികൃതർ അറിയുന്നില്ലേ, ഈ ക്രൂരത
അടിമാലി പഞ്ചായത്ത് അധികൃതർ അറിയുന്നില്ലേ ... ദേവിയാർ പുഴ മലിനപ്പെടുകയാണ്. ഒരിടവേളയ്ക്കുശേഷം അടിമാലി തോട്, നീർച്ചാലുകൾ എന്നിവ മാലിന്യം തള്ളൽ കേന്ദ്രങ്ങളായി മാറുകയാണ്. അടിമാലി തോട് ഇരുമ്പുപാലത്ത് എത്തിയാണ് ദേവിയാർ പുഴയുമായി യോജിക്കുന്നത്. ഇതോടെ അടിമാലി മുതൽനേര്യമംഗലം വരെ പുഴയോടു ചേർന്നു താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ളവും മലിനപ്പെടാൻ ഇതു സാഹചര്യമൊരുക്കുകയാണ്. ഗ്രീൻ അടിമാലി - ക്ലീൻ ദേവിയാർ പദ്ധതിയിൽ ദേവിയാർ പുഴയുടെ ഭാഗമായ അടിമാലി തോടും നീർച്ചാലുകളും പ്രത്യേക പദ്ധതികൾ തയാറാക്കി പഞ്ചായത്ത് ക്ലീൻ ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായ തോട്ടിലൂടെയുള്ള വെള്ളമൊഴുക്ക് സുഗമമാക്കുന്നതിന് തടസ്സമായി നിന്നിരുന്ന മൺകൂനകളും മറ്റും നീക്കം ചെയ്തു. ഇതോടൊപ്പം തോട്ടിലും ജലാശയങ്ങളിലും മാലിന്യ തള്ളുന്നവരെ കണ്ടെത്തി ശിക്ഷണ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ അടുത്ത നാളിൽ പഞ്ചായത്ത് ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കാതെ വന്നതോടെ നീർച്ചാലുകളും തോടും ദേവിയാർ പുഴയും മലിനപ്പെടുകയാണ്.
അദ്ഭുതമായി കാറ്റൂതിമേട്ടിലെ സ്വാഭാവിക തടാകം
കടുത്ത വേനലിൽ ജലസ്രോതസ്സുകൾ ഭൂരിഭാഗവും വറ്റുമ്പോഴും പ്രകൃതിയൊരുക്കിയ അദ്ഭുതമാണ് സേനാപതി പഞ്ചായത്തിലെ കാറ്റൂതിമേട്ടിലുള്ള സ്വാഭാവിക തടാകം. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്ററോളം ഉയരത്തിലുള്ള കുന്നിൻമുകളിലെ അരയേക്കറോളം വിസ്തൃതിയുള്ള തടാകത്തിൽ എല്ലായ്പോഴും വെള്ളമുണ്ട്. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് തടാകത്തിനു ചുറ്റുമുള്ള വനഭൂമിയും പുൽമേടുകളും. തടാകത്തിന്റെ കരയിലെ സപ്ത കന്യക ക്ഷേത്രവും നിറവ് പകരുന്ന കാഴ്ചയാണ്. കുന്നിൻ മുകളിലെ ഒരിക്കലും വറ്റാത്ത തടാകത്തിൽനിന്നാണ് ഒരു നൂറ്റാണ്ടു മുൻപ് സപ്ത കന്യകമാരുടെ പ്രതിഷ്ഠാ വിഗ്രഹം ആദിമ നിവാസികൾക്ക് ലഭിച്ചതെന്നാണ് വിശ്വാസം.
കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ നീരാടാനും വെള്ളം കുടിക്കാനുമെത്തിയ ഇൗ തടാകം പിന്നീട് സപ്ത കന്യകമാരുടെ തീർഥക്കുളമായി. തടാകത്തിനു സമീപത്തെ വന്മരത്തിന്റെ ചുവട്ടിൽ പാറയിലാണ് സപ്തകന്യകമാരുടെ ശിൽപം പ്രതിഷ്ഠിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് വരെ ഉൾവനങ്ങളിൽ താമസിച്ച വനവാസികൾ ഇവിടെവന്ന് ആരാധന നടത്തിയതായി പറയപ്പെടുന്നു. തങ്ങളെ വന്യ മൃഗങ്ങളിൽനിന്ന് രക്ഷിക്കുന്ന 7 ദേവതമാരാണ് ഒറ്റ ശിൽപമായി മാറിയതെന്ന് അവർ വിശ്വസിച്ചു.
കാലമേറെ കഴിഞ്ഞ് തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ തമിഴ് ജനതയും സപ്ത കന്യക പ്രതിഷ്ഠയെ ആരാധിച്ചു പോന്നു. സപ്ത കന്യകമാർക്ക് സംരക്ഷണം നൽകാനാണ് 3 പതിറ്റാണ്ടു മുൻപ് തടാകത്തിന്റെ മറു കരയിൽ കാവൽ ദൈവമായ കറുപ്പുസ്വാമിയുടെ പ്രതിഷ്ഠയും സ്ഥാപിച്ചത്. എല്ലാ വർഷവും കാറ്റൂതി മേട്ടിലെ മരച്ചുവട്ടിൽ കുടികൊള്ളുന്ന സപ്തകന്യകമാർക്കായി ഉത്സവങ്ങൾ കൊണ്ടാടാൻ ദൂരദേശങ്ങളിൽനിന്നും തമിഴ്നാട്ടിൽനിന്നും ഒട്ടേറെ പേർ എത്തിചേർന്നിരുന്നു. ആദ്യമായി ഇവിടെയെത്തി ആരാധന നടത്തിയ തമിഴ് തോട്ടം തൊഴിലാളികളുടെ മൂന്നാം തലമുറയിൽപെട്ടവരാണ് ഏതാനും വർഷം മുൻപ് ഇവിടെ ക്ഷേത്രം പണിതത്.