ADVERTISEMENT

ഉപ്പുതോട്∙ തൃക്കാക്കരയിലെ തിരക്കുകൾക്കുശേഷം രാത്രി വൈകി ഉപ്പുതോട്ടിൽ കുടുംബ വീട്ടിൽ എത്തുന്ന ഉമ ഇന്നു രാവിലെ ഉപ്പുതോട് പള്ളിയിലും പി.ടിയുടെ കുടുംബക്കല്ലറയിലും എത്തി പ്രാർഥിക്കും. തൃക്കാക്കരയിൽ സ്ഥാനാർഥിയായി യുഡിഎഫ് പ്രഖ്യാപിച്ചതിനെ തുടർന്നു കഴിഞ്ഞ മാസം നാലിനാണ് ഉമ അവസാനമായി ഉപ്പുതോട്ടിൽ എത്തിയത്. പി.ടിയുടെ കുടുംബവീട്ടിലും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പുതോട് പള്ളിയിലെ കുടുംബക്കല്ലറയിലും പ്രാർഥിച്ചശേഷം പി.ടി. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഉപ്പുതോട്ടിൽ നാട്ടുകാരുടെ അനുഗ്രഹവും തേടിയാണ് ഉമ തോമസ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിറ്റേന്ന് തൃക്കാക്കര എംഎൽഎയായി താൻ എത്തുമെന്ന് അന്ന് ഉമ വീട്ടുകാർക്കും നാട്ടുകാർക്കും വാക്ക് നൽകിയിരുന്നു. വോട്ടെണ്ണൽ ദിവസം തുടക്കം മുതൽ ആവേശത്തിലായിരുന്നു ഉപ്പുതോട്ടിലെ തറവാടുവീട്. തെല്ലും ആശങ്ക ഇല്ലായിരുന്നുവെന്നും വിജയം ഉറപ്പായിരുന്നെന്നും പി.ടിയുടെ ജ്യേഷ്ഠന്റെ മകൻ ബിജു ജോസഫ് പറഞ്ഞു.

പുതിയാപറമ്പിൽ തറവാട് വീട്ടിൽ ബിജുവിനൊപ്പം തത്സമയം വോട്ടെണ്ണൽ വിവരങ്ങൾ അറിയാൻ അമ്മ മേരിക്കുട്ടിയും പി.ടിയുടെ മറ്റൊരു സഹോദരൻ പി.ടി.ജോർജിന്റെ ഭാര്യ മരിയയും അടുത്ത ബന്ധുക്കളും അയൽക്കാരും ഉണ്ടായിരുന്നു. പി.ടി.ജോർജും അടുത്ത ബന്ധുക്കളും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ തൃക്കാക്കരയിൽ ആയിരുന്നു. രാവിലെ തന്നെ ഉമ തോമസ് കുടുംബ വീട്ടിൽ ബന്ധുക്കളെ വിളിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു.

8.30ന് ആദ്യ ഫലസൂചിക വന്നപ്പോൾ തന്നെ തറവാട് വീട്ടിൽ ആഹ്ലാദ പെരുമഴ തുടങ്ങിയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ പ്രവർത്തകർ മധുര പലഹാരങ്ങളുമായി എത്തിത്തുടങ്ങി. ഭൂരിപക്ഷം 25,000 കവിഞ്ഞപ്പോൾ പിന്നെ വീടിനു പുറത്തേക്കായി ആഘോഷം. മധുര പലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും വിജയാഘോഷം ആരംഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com