ADVERTISEMENT

കോടിക്കുളം∙ ചിലങ്കയുടെ താളവും സപ്തസ്വരങ്ങളുടെ ലയവും കുട്ടിക്കൂട്ടങ്ങളുടെ ആഘോഷങ്ങളുമായി സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കലോത്സവം. കോവിഡിൽ അടഞ്ഞുപോയ കലാമുകുളങ്ങൾ വേദികളിൽ ആവേശത്തോടെ പൂത്തുവിടർന്ന കാഴ്ചയായിരുന്നു കോടിക്കുളത്തെ ‘സർഗധ്വനി 2022’ കലോത്സവ വേദിയിൽ. കാറ്റഗറി–2 സ്റ്റേജ് മത്സരങ്ങളാണ് ഇന്നലെ കോടിക്കുളം ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്നത്. 14 ഇനങ്ങളിലായി 9 വേദികളിൽ നടന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് നിർവഹിച്ചു. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി മുഖ്യാതിഥിയായിരുന്നു. 

സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ തൊടുപുഴ സരസ്വതി വിദ്യാഭവനിലെ ലക്ഷ്മി തീർഥ ആദർശ് അവതരിപ്പിച്ച ഭരതനാട്യം.
സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ തൊടുപുഴ സരസ്വതി വിദ്യാഭവനിലെ ലക്ഷ്മി തീർഥ ആദർശ് അവതരിപ്പിച്ച ഭരതനാട്യം.

മധ്യകേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹോദയ വൈസ് പ്രസിഡന്റ് ജൈന പോൾ, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, പിടിഎ പ്രസിഡന്റ് സി.കെ.ജാഫർ, സ്കൂൾ മാനേജർ ജോസ് മാത്യു, മാനേജിങ് ട്രസ്റ്റി ടി.ജെ.ഷാർലറ്റ്, അക്കാദമിക് ഡയറക്ടർ മോഹൻ മാത്യു, വാർഡംഗം ജേർളി റോബി, പ്രിൻസിപ്പൽ ഡോ. പി.അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. 

5, 6, 7 ക്ലാസുകളിലെ കുട്ടികൾ ഉൾപ്പെടുന്ന കാറ്റഗറി–2 ൽ എണ്ണൂറോളം മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. വേദി ഒന്നിൽ ഭരതനാട്യം, മോഹിനിയാട്ടം മത്സരങ്ങളും വേദി രണ്ടിൽ നാടോടി നൃത്തം, സംഘനൃത്തം എന്നിവയും മറ്റു വേദികളിൽ ശാസ്ത്രീയ സംഗീതം, ലളിതഗാനം, പ്രസംഗം, പദ്യപാരായണം എന്നിവയും നടന്നു. ഉച്ചയ്ക്കുശേഷം കനത്ത മഴയുണ്ടായെങ്കിലും കലോത്സവത്തിന്റെ ആവേശം തെല്ലും തണുത്തില്ല. കലോത്സവത്തിന്റെ മൂന്നാംഘട്ട (കാറ്റഗറി 3, 4) മത്സരങ്ങൾ 25നും 26നും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com