ADVERTISEMENT

അടിമാലി ∙ മുനിയറ തിങ്കൾക്കാട്ടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിനു പിന്നിൽ അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. ബസപകടത്തിനു പ്രധാന കാരണമായി നാട്ടുകാർ പറയുന്നതു റോഡിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിൽ അധികൃതർ കാണിച്ച അനാസ്ഥയാണ്.

പരുക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ.
പരുക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ.

ഇതോടൊപ്പം കൊടുംവളവ്, ഇറക്കം, റോഡിന്റെ വീതിക്കുറവ്, ഡ്രൈവറുടെ പരിചയക്കുറവ് എന്നിവയും അപകടത്തിനു കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണ് അപകടത്തിനു കാരണം എന്നാണു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രാത്രിയാത്രയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം അവഗണിച്ചാണ് ഇവർ യാത്ര ചെയ്തിരുന്നത്. പ്രാഥമിക പരിശോധനയിൽ വാഹനത്തിനു മറ്റു തകരാറുകൾ കണ്ടെത്താനായില്ലെന്നും എൻഫോഴ്സ്മെന്റ് ആർടി അധികൃതർ പറഞ്ഞു.

ദിശാസൂചികകൾ ഇല്ല 

∙ കമ്പിളിക്കണ്ടം– മൈലാടുംപാറയുടെ റോഡിന്റെ ഭാഗമാണു തിങ്കൾക്കാട്. ഒരു വർഷം മുൻപാണു ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡിന്റെ നിർമാണജോലികൾ നടന്നത്. എന്നാൽ ദിശാബോർഡുകൾ സ്ഥാപിക്കുന്നതിനു പൊതുമരാമത്ത് വിഭാഗം നടപടി സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ചു നാട്ടുകാർ പലപ്പോഴും പരാതി അറിയിച്ചിരുന്നെങ്കിലും അധികൃതർ ഗൗരവമായി കണ്ടില്ല. മൈലാടുംപാറയിൽ നിന്നു കമ്പിളിക്കണ്ടത്തേക്കു വരുമ്പോൾ തിങ്കൾക്കാട് മുതൽ മുനിയറ വരെ കൊടുംവളവുകളും ഇറക്കവുമുണ്ട്. റോഡിനു വീതി കുറവുമാണ്. റോഡിന്റെ അരികു മണ്ണിട്ടു നികത്തുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല. ചില ഭാഗങ്ങളിൽ ഫില്ലിങ് സൈഡ് പൂർണമായും ടാറിങ് നടത്തിയിരിക്കുന്നതും അപകടസാധ്യത കൂട്ടുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണു ശനിയാഴ്ച രാത്രിയിലെ അപകടം.

ഒഴിഞ്ഞത് വലിയ ദുരന്തം

∙ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞതു വലതുവശത്തെ കൊക്കയിലേക്ക് ആയതാണ് അപകടത്തിന്റെ തീക്ഷ്ണത കുറയാൻ കാരണമായത്. ഇടതുഭാഗത്തേക്ക് ആയിരുന്നുവെങ്കിൽ ആയിരത്തിലേറെ അടി താഴ്ചയുള്ള കൊക്കയിലേക്കു പതിക്കുമായിരുന്നു. ഇത്തരം സാഹചര്യത്തിൽ അപകടങ്ങൾക്കു കാത്തുനിൽക്കാതെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

അപകടവിവരം അറിഞ്ഞ് സംഭവസ്ഥലത്ത് കലക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ്, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് എന്നിവരെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അടിമാലി താലൂക്ക് ആശുപത്രിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എം.എം.മണി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സനിത സജി എന്നിവർ സന്ദർശിച്ചു. കൂടാതെ രക്ഷാപ്രവർത്തനത്തിനും മറ്റും ഒട്ടേറെ പേരാണ് അപകടസ്ഥലത്തും ആശുപത്രിയിലും എത്തിയത്.

നീറുന്ന ഓർമയിൽ ഹൈറേഞ്ച്

രാജാക്കാട് ∙ മുനിയറ തിങ്കൾക്കാടിനു സമീപം വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് യുവാവ് മരിച്ച സംഭവം ഹൈറേഞ്ചിനെ വീണ്ടും സങ്കടത്തിലാക്കി. 10 വർഷം മുൻപു സമാനമായ മറ്റൊരു അപകടം നടന്നതിന്റെ നീറുന്ന ഓർമയിലാണു തേക്കിൻകാനം. 2013 മാർച്ച് 25നു തിരുവനന്തപുരത്തെ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തേക്കിൻകാനം കാഞ്ഞിരവളവിൽ അപകടത്തിൽ പെട്ട് 8 വിദ്യാർഥികളും ഒരു ബസ് ജീവനക്കാരനും മരിച്ചിരുന്നു. ഡ്രൈവർക്കു വഴി പരിചയമില്ലാത്തതും കുത്തിറക്കത്തിലെ കൊടുംവളവുമാണ് അന്ന് അപകടത്തിലേക്കു നയിച്ചത്. തിങ്കൾക്കാട് അപകടത്തിലും ബസ് ഡ്രൈവർക്കു വഴി പരിചയമില്ലാത്തതു കാരണമായെന്നാണു മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com