ചേനയാണ് താരം
Mail This Article
കൂമ്പൻപാറ അമ്പലത്തിങ്കൽ സുരേന്ദ്രന്റെ കൃഷിയിടത്തിൽ വിളഞ്ഞത് ഇക്കുറിയും ഭീമൻ ചേന. കഴിഞ്ഞ 21 വർഷമായി ചേന കൃഷിയിൽ നേട്ടം കൊയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇക്കുറി വിളവെടുത്തത് 85 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ ചേനയാണ്. ജൈവ കൃഷിയിലൂടെയാണ് സുരേന്ദ്രൻ നേട്ടം കൊയ്യുന്നത്.2 പതിറ്റാണ്ടു മുൻപ് ഇടുക്കി, എറണാകുളം ജില്ലകളിൽ തുടക്കമിട്ട കാർഷിക മേളയുടെ പ്രധാന ആകർഷകമായിരുന്നു കാർഷിക വിളകളുടെ പ്രദർശനം.
ഇതിൽ നിന്നുള്ള ആവേശം ഉൾക്കൊണ്ടാണ് ചേന, കപ്പ, കാച്ചിൽ, ചേമ്പ്, ഉൾപ്പെടെയുള്ള തന്നാണ്ട് വിളകൾ പ്രദർശനത്തിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ ഒന്നേകാൽ ഏക്കറോളം വരുന്ന കൃഷിയിടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.ഇതോടെ കാർഷിക മേളകളിൽ സുരേന്ദ്രൻ ഭീമൻ ചേനയുമായി എത്തി നേട്ടങ്ങൾ കൊയ്തിരുന്നു. പ്രളയവും, കോവിഡും കാരണം മേളകൾ ഇല്ലാതായെങ്കിലും ചേന കൃഷിയിൽ നിന്ന് പിന്മാറാൻ സുരേന്ദ്രൻ തയാറല്ല. ഇപ്പോൾ വിളവെടുത്ത ചേന മുള വരുന്നതനുസരിച്ചു വിഭജിച്ച് വീണ്ടും കൃഷിക്കു വേണ്ടിയുള്ള തയാറെടുപ്പിലാണ് സുരേന്ദ്രൻ.