നീർച്ചാലുകൾ അടഞ്ഞു; വെള്ളം ഒഴുകുന്നത് റോഡിലൂടെ
Mail This Article
മറയൂർ∙ മറയൂരിൽ കരിമ്പിൻ തോട്ടങ്ങളിലേക്കു തിരിച്ചു വിടുന്ന വെള്ളം കൃഷി സ്ഥലത്തേക്ക് ഒഴുകിയെത്തുന്നത് നടുറോഡിലൂടെ. മറയൂർ കാന്തല്ലൂർ റോഡിൽ കോളനി ഭാഗത്താണ് വെള്ളം റോഡിനു മധ്യത്തിലൂടെ ഒഴുകി മറുവശത്തേക്ക് കടക്കുന്നത്.കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ വശങ്ങളിലെ നീർച്ചാലുകൾ ചവറും മറ്റു മാലിന്യങ്ങളും തിങ്ങി അടഞ്ഞു. മറയൂർ മുതൽ കോവിൽക്കടവ് വരെ 4 കിലോമീറ്റർ ദൂരത്തിൽ ഇരുവശത്തുമുള്ള ഓട പൂർണമായും അടഞ്ഞ നിലയിലാണ്. വർഷങ്ങളായി തകർന്നു കിടന്ന റോഡ് പുനർനിർമാണം നടത്തിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല.
റോഡിലൂടെ വെള്ളം കുത്തിയൊഴുകിയാൽ വീണ്ടും റോഡ് പൊട്ടിപ്പൊളിയാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. വേനൽ രൂക്ഷമാകുന്നതോടെ കൂടുതൽ വെള്ളം കൃഷിയിടത്തിലേക്ക് ഒഴുക്കുന്നത് പതിവാകും. എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി, റോഡിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥ ഇല്ലാതാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.