കഞ്ഞിക്കുഴി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം
Mail This Article
കഞ്ഞിക്കുഴി ∙ ചെറുകിട ഇടത്തരം കർഷകർ ഏറെയുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. വേലി കെട്ടി കൃഷിഭൂമി സംരക്ഷിച്ചിട്ടും കാട്ടുപന്നി ശല്യത്തിൽ നിന്നും ദേഹണ്ഡങ്ങൾ സംരക്ഷിക്കാൻ കർഷകർക്ക് സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം തള്ളക്കാനത്ത് ജനവാസമേഖലയിൽ പറ്റമായി ഇറങ്ങിയ കാട്ടുപന്നികൾ കണ്ണിൽ കണ്ടതെല്ലാം കുത്തിയിളക്കി നശിപ്പിച്ചു. മൂന്നു മാസം പ്രായമായ മരച്ചീനി കൃഷിയും പച്ചക്കറികളുമെല്ലാമാണ് ഒറ്റ രാത്രികൊണ്ട് നാമാവശേഷമാക്കിയത്.
ഒട്ടേറെ ദിവസത്തെ അധ്വാനത്തിനു പുറമേ കൃഷിയിറക്കാൻ മുടക്കിയ പണവും വെള്ളത്തിലായെന്നു നിരാശരായ കർഷകർ പറയുന്നു. കാർഷിക മേഖലയിൽ വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്തുകൾക്ക് അനുമതി ഉണ്ടെങ്കിലും അത്തരത്തിലൊരു നടപടിക്കും അധികൃതർ തയാറാകുന്നില്ല.
ത്രിതല പഞ്ചായത്തുകളും വനം വകുപ്പും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. കൃഷി ദേഹണ്ഡങ്ങൾ മൂപ്പ് എത്തുന്നതിനു മുൻപേ തന്നെ കാട്ടുപന്നികൾ നശിപ്പിക്കുന്നത് ഭക്ഷ്യ ദൗർലഭ്യത്തിനും ഇടയാക്കും. തന്നാണ്ട് വിളകൾ സമൃദ്ധമായി വിളഞ്ഞിരുന്ന തോട്ടങ്ങൾ കാട്ടുപന്നി ശല്യം മൂലം തരിശായി മാറിയതോടെ കർഷകർ ഭക്ഷണത്തിനു പോലും നെട്ടോട്ടം ഓടേണ്ട സാഹചര്യമാണ് ഹൈറേഞ്ചിലെ ഗ്രാമീണ മേഖലകളിൽ ഉണ്ടാകുന്നത്.