മറയൂരിൽ മഴ കനത്തു; തമിഴ്നാട്ടിലെ കാർഷിക മേഖലയ്ക്ക് ആഹ്ലാദം
Mail This Article
മറയൂർ ∙ കനത്ത മഴയിൽ പാമ്പാറ്റിൽ നീരൊഴുക്ക് വർധിച്ചതോടെ തമിഴ്നാട്ടിലെ കർഷകർ ആഹ്ലാദത്തിൽ. മറയൂർ, കാന്തല്ലൂർ മേഖലയിലും ഇരവികുളം ദേശീയോദ്യാനത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ 3 ദിവസമായി കനത്ത മഴ ലഭിച്ചിരുന്നു. ഇവിടെ നിന്ന് ഒഴുകുന്ന വെള്ളം തമിഴ്നാട് ഉദുമൽപേട്ടയിലെ അമരാവതി അണക്കെട്ടിലാണ് എത്തുന്നത്. അമരാവതി അണക്കെട്ടിൽ നിറയുന്ന വെള്ളം തിരുപ്പൂർ, കരൂർ, കോയമ്പത്തൂർ ജില്ലകളിലെ 54,000 ഏക്കർ കൃഷിസ്ഥലങ്ങൾക്കാണ് പ്രയോജനപ്പെടുത്തുന്നത്.
കഴിഞ്ഞ മാസങ്ങളിലായി അമരാവതി അണക്കെട്ടിൽ വെള്ളം കുറഞ്ഞതോടെ കാർഷിക മേഖല വരൾച്ചയിൽ ആയിരുന്നു. ഇതെത്തുടർന്നാണ് തക്കാളി ഉൾപ്പെടെ പച്ചക്കറികൾക്ക് വില വർധിച്ചത്. ഇപ്പോൾ മറയൂർ മേഖലയിൽ കനത്ത മഴ പെയ്ത് അമരാവതി അണക്കെട്ട് നിറയുന്നതോടെ തമിഴ്നാട്ടിലെ കർഷകർ ആശ്വാസത്തിലാണ്. ഇന്നലെ വൈകിട്ടോടെ 2400 ഘനയടി വെള്ളമാണ് അമരാവതി അണക്കെട്ടിൽ എത്തിച്ചേർന്നത്.