ഇരച്ചിൽപ്പാറയിൽ ഇരച്ചെത്തി മലവെള്ളം; സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
മറയൂർ ∙ ഇരച്ചിൽപ്പാറ വെള്ളച്ചാട്ടത്തിൽ മഴയെ തുടർന്നുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലിൽ നിന്ന് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ നീരൊഴുക്ക് ശക്തിപ്പെടുന്നതായി തോന്നിയതിനാൽ ഇവർ റോഡിലേക്ക് കയറി മിനിറ്റുകൾക്കുള്ളിൽ മണ്ണും ചെളിയുമടക്കം മലവെള്ളം കുത്തിയൊഴുകുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. അവധി ദിവസമല്ലാതിരുന്നിട്ടു കൂടി ഏറെ ആളുകൾ എത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.
മേഖലയിൽ ഏതാനും ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ട്. പക്ഷേ മഴക്കാലത്തു പോലും ഇത്രയധികം വെള്ളം കുത്തിയൊലിച്ചു വരുന്നത് പതിവില്ലെന്ന് നാട്ടുകാർ പറയുന്നു. നൂറടിയോളം ഉയരത്തിൽ നിന്നു പതിക്കുന്ന വെള്ളച്ചാട്ടത്തിൽ നിലവിൽ സുരക്ഷാസംവിധാനങ്ങൾ ഒന്നുമില്ല. 500 അടിയോളം വീതിയിൽ പാറക്കല്ലുകൾ നിരന്നിരിക്കുന്ന ഭാഗത്താണ് ആളുകൾ കുളിക്കാൻ ഇറങ്ങുന്നത്. കല്ല് ഇളകിയാൽ പുഴയിലേക്ക് പതിച്ച് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. കാന്തല്ലൂർ പഞ്ചായത്ത് സുക്ഷാസംവിധാനമൊരുക്കാൻ പദ്ധതി തയാറാക്കിയെങ്കിലും നടപ്പായിട്ടില്ല.
മഴയുള്ളപ്പോൾ ശ്രദ്ധിക്കണം
മഴയുള്ളപ്പോൾ സജീവമാകുന്നതാണ് ഇരച്ചിൽപാറ വെള്ളച്ചാട്ടം. കടുത്ത വേനലിൽ വറ്റിവരണ്ട നിലയിലുള്ള വെള്ളച്ചാട്ടം കാന്തല്ലൂർ മേഖലയിൽ സാധാരണ തോതിൽ മഴ പെയ്യുന്നതോടെ കുളിക്കാനും കാണാനും ആസ്വാദ്യകരമാകും. എന്നാൽ കനത്ത മഴ പെയ്തിറങ്ങുമ്പോൾ അപ്രതീക്ഷിതമായി മഴവെള്ളം തോടുകളിലൂടെ ഒഴുകിയെത്തി ഒന്നിച്ച് ഇരിച്ചിൽപ്പാറ വെള്ളച്ചാട്ടത്തിലൂടെ കുത്തിയൊഴുകി പാമ്പാറ്റിൽ പതിക്കും. ഈ സമയത്ത് ഏറെ സൂക്ഷിക്കണം. ഈ സാഹചര്യം സഞ്ചാരികൾക്ക് ബോധ്യമാകുന്ന രീതിയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണമെന്ന് പ്രദേശവാസികളും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നു.