ഇവിടെ സ്ഥിരതാമസം ആക്കാനാണോ പ്ലാൻ? പാഷൻ ഫ്രൂട്ട്, ചോളം, ബീൻസ്...പടയപ്പ തിന്നുതീർക്കാത്തതായി ഒന്നുമില്ല
Mail This Article
മൂന്നാർ∙ തുടർച്ചയായ രണ്ടാം ദിവസവും വീടുകൾക്ക് സമീപം പടയപ്പ ഇറങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ ജോലിക്കിറങ്ങിയത് രണ്ടു മണിക്കൂർ വൈകി. ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിലെ ജനവാസ മേഖലയിലാണ് രണ്ടാം ദിവസവും പടപ്പയിറങ്ങിയത്. തിങ്കൾ രാവിലെ കാട്ടിലേക്ക് മടങ്ങിയ പടയപ്പ വൈകിട്ട് 5ന് മടങ്ങിയെത്തി മുക്കത്ത് ജോർജിന്റെ കൃഷിയിടത്തിലെ പാഷൻ ഫ്രൂട്ട്, മത്തൻ, പേരയ്ക്ക, ചോളം എന്നിവ തിന്ന ശേഷം സമീപത്തുള്ള ആർ.രാജാറാം, എസ്.രാജാങ്കം എന്നിവരുടെ വിളവെടുക്കാറായ ബട്ടർ ബീൻസ്, ബീൻസ് എന്നിവ തിന്നു നശിപ്പിച്ചു. രാത്രിയിൽ വനംവകുപ്പ് ദ്രുതകർമസേനയെത്തി പടയപ്പ എന്ന കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചെങ്കിലും രാവിലെ 7ന് തൊഴിലാളികളുടെ വീടിന് സമീപം മടങ്ങിയെത്തി.
9 മണി വരെ ജനവാസ മേഖലയിൽ നടന്ന ശേഷം സമീപത്തുള്ള സെന്റ് ആന്റണീസ് പളളി പരിസരത്തേക്കു പോയത്. വീടുകൾക്ക് സമീപത്തുനിന്ന് ആന പോയ ശേഷമാണ് തൊഴിലാളികൾ ഇന്നലെ ജോലിക്കു പോയത്. പള്ളി പരിസരത്ത് നിന്നിരുന്ന പേരമരത്തിൽനിന്നു പേരയ്ക്ക പറിച്ചുതിന്ന ശേഷമാണ് പടയപ്പ കാട്ടിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച രാവിലെയും ആന ജനവാസ മേഖലയിൽ ഇറങ്ങി കറങ്ങി നടന്നതുമൂലം തൊഴിലാളികൾ മൂന്നു മണിക്കൂർ താമസിച്ചാണ് ജോലിക്കു പോയത്. കഴിഞ്ഞ ഒരാഴ്ചയായി ദേവികുളം, ലാക്കാട് മേഖലയിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്.
പ്രിയം പേരയ്ക്ക
ഒരാഴ്ചയായി ദേവികുളം ലാക്കാട് മേഖലയിൽ തമ്പടിച്ചിരിക്കുന്ന പടയപ്പയുടെ ഇത്തവണത്തെ പ്രധാന ആഹാരം പേരയ്ക്കയാണ്. എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനിലെ ജനവാസ മേഖലയിൽ വളർത്തിയിരുന്ന 35 പേരമരങ്ങളാണ് ഒരാഴ്ചയ്ക്കിടയിൽ പടയപ്പ നശിപ്പിച്ചത്. പേരയുടെ കമ്പുകൾ ഒടിച്ച് വിളഞ്ഞുകിടക്കുന്ന പേരയ്ക്ക പറിച്ചുതിന്നുന്നതാണ് നിലവിലെ ഹോബി. പേരയ്ക്ക സീസണായതിനാലാണ് പടയപ്പ മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.