അധികൃതരുടെ പിഴവ്; ആറു മാസമായി സിസിലിക്ക് പെൻഷനില്ല
Mail This Article
ഉപ്പുതറ ∙ പഞ്ചായത്ത് ജീവനക്കാർക്കു സംഭവിച്ച പിഴവു പരിഹരിക്കാത്തതിനാൽ തോട്ടം തൊഴിലാളിക്ക് വിധവാ പെൻഷൻ മുടങ്ങിയിട്ട് ആറുമാസം. പശുപ്പാറ എസ്റ്റേറ്റ് ലയത്തിൽ മംഗലപ്പള്ളിൽ സിസിലി ജോസഫിന്റെ പെൻഷനാണ് മുടങ്ങിയത്. ഭർത്താവ് മരിച്ചതോടെ ഒരു പതിറ്റാണ്ടു മുൻപാണ് സിസിലി വിധവാ പെൻഷന് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. എല്ലാ രേഖകളും ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നെങ്കിലും അയൽവാസിയായ ലക്ഷ്മി കറുപ്പയ്യയുടെ പേരിലാണ് പെൻഷൻ അനുവദിച്ചത്. അതേസമയം, ഇതിൽ സിസിലിയുടെ അക്കൗണ്ട് നമ്പരാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ 12 വർഷം സിസിലിയുടെ അക്കൗണ്ടിലേക്ക് പെൻഷൻ തുക ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അധികൃതരുടെ അറിയിപ്പു ലഭിച്ചതോടെ സർട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിങ് നടത്തിയതോടെയാണ് പെൻഷൻ മുടങ്ങിയത്.
പണം ലഭിക്കാതെ വന്നതോടെ പഞ്ചായത്തിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് മുൻപ് ഉണ്ടായിരുന്ന പിഴവ് തിരുത്താതെ മസ്റ്ററിങ് നടത്തിയതിനാലാണ് പെൻഷൻ മുടങ്ങിയതെന്ന് വ്യക്തമായത്. സിസിലിയുടെ ആധാറിനു പകരം അയൽവാസിയുടെ രേഖകൾ പഞ്ചായത്തിൽ ഉണ്ടായിരുന്നതാണ് പ്രതിസന്ധിയായത്. അയൽവാസി വർഷങ്ങൾക്കു മുൻപ് തമിഴ്‌നാട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.ആറുമാസമായി മുടങ്ങിയിരിക്കുന്ന പെൻഷൻ ഇനിയും ലഭിച്ചു തുടങ്ങിയിട്ടില്ല. ശരിയായ രീതിയിൽ മസ്റ്ററിങ് നടത്തിയിട്ടുണ്ടെന്നും പുതുതായി പെൻഷൻ ലഭിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എന്നാൽ, ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവുമൂലം തനിക്ക് കിട്ടാതെ പോയ 6 മാസത്തെ പെൻഷൻ തുക ലഭ്യമാക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിസിലി കലക്ടർക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. എസ്റ്റേറ്റിൽ ഇടയ്ക്ക് കൊളുന്തെടുക്കാൻ പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് ഇവർക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിക്കിടെ മകളുടെ വിവാഹവും നടത്തി. കടബാധ്യതയാൽ ബുദ്ധിമുട്ടുന്നതിനിടെയാണ് പെൻഷൻ കൂടി മുടങ്ങിയത്.