ത്രേസ്യാമ്മ ചേടത്തിയുടെ ഗ്രീൻലാൻഡിൽ ചരിത്രമാകാൻ ‘മലൈക്കോട്ടൈ വാലിബൻ’
Mail This Article
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മലയാള സിനിമയിൽ വിതറിയ വശ്യസുഗന്ധം മായുന്നതിനു മുൻപാണ് ത്രേസ്യാമ്മ ചേടത്തി ഇടുക്കിയിൽ ഒരു തിയറ്റർ വാങ്ങുന്നത്. 1982ൽ ചെറുതോണിയിലെ ഗ്രീൻലാൻഡ് തിയറ്റർ ത്രേസ്യാമ്മ സ്വന്തമാക്കുമ്പോൾ അതൊരു മുങ്ങുന്ന കപ്പലായിരുന്നു. പിന്നീടും കാര്യമായ ലാഭമൊന്നും ഇതുവരെ നേടിത്തരാഞ്ഞിട്ടും പ്രാരാബ്ധങ്ങൾ ഏറെയുണ്ടായിട്ടും അവർ തിയറ്റർ കൈവിട്ടില്ല. 40 വർഷങ്ങൾക്കിപ്പുറം അതേ തിയറ്ററിൽ റിലീസ് ദിവസം തന്നെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സൂപ്പർ സ്റ്റാർ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുമ്പോൾ തലയുയർത്തി ആ മുറ്റത്ത് നിൽക്കുകയാണ് ത്രേസ്യാമ്മ. കോട്ടയത്ത് ഈ മാസം ആദ്യം നടന്ന മഴവില്ല് – രാജ്യാന്തര ചലച്ചിത്ര മേളയിൽ വനിതകൾ സിനിമയ്ക്കു നൽകിയ സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ത്രേസ്യാമ്മയ്ക്ക് ആയിരുന്നു.
ഇടുക്കി ഗ്രീൻലാൻഡിന്റെ ചരിത്രം, ത്ര്യേസ്യാമ്മയുടെയും
ഇടുക്കി അണക്കെട്ടിന്റെ നിർമാണ കാലത്ത് 1964ൽ ആണ് ഇടുക്കി ഗ്രീൻലാൻഡ് കൊട്ടക ചെറുതോണിയുടെ തിരുമുറ്റത്ത് തുടങ്ങുന്നത്. ചിറ്റടിച്ചാലിൽ സി.ഐ.കുമാർ ആയിരുന്നു സ്ഥാപകൻ. അണക്കെട്ട് നിർമിക്കാൻ എത്തിയ ഹിന്ദുസ്ഥാൻ നിർമാണ കമ്പനിയിലെ തൊഴിലാളികളായിരുന്നു അക്കാലത്തെ പ്രധാന കാഴ്ചക്കാർ. പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന കുടിയേറ്റ കർഷകരും ആഴ്‌ചയിലൊരു ദിവസം സിനിമ കാണാൻ എത്തിയിരുന്നു. ഭക്ത കുചേലയായിരുന്നു ഗ്രീൻലാൻഡിൽ കളിച്ച ആദ്യ സിനിമ. തൊട്ടു പിറകേ സ്നാപക യോഹന്നനാനും തിയറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചു. 1970കളിൽ ഇറങ്ങിയ ഒട്ടുമിക്ക മലയാളം, ഹിന്ദി സിനിമകൾ തിയറ്ററിൽ ആഴ്ചകളോളം നിറഞ്ഞോടി.
എന്നാൽ അണക്കെട്ട് കമ്മിഷൻ ചെയ്തതോടെ നിർമാണ തൊഴിലാളികൾ ഇവിടം വിട്ടു പോയപ്പോൾ ഗ്രീൻലാൻഡിലെ ആരവം കുറഞ്ഞു. കാഴ്ചക്കാരുടെ എണ്ണം പടിപടിയായി കുറഞ്ഞതോടെ ഉടമ തിയറ്റർ വിൽപനയ്ക്കു വച്ചു. അപ്പോഴാണ് വാഴേപ്പറമ്പിൽ ത്രേസ്യാമ്മ ഒരു രക്ഷകയെ പോലെ ഗ്രീൻലാൻഡിനു മുന്നിലെത്തുന്നത്. ജീവിതത്തിൽ മറ്റെന്തിനേക്കാളും ഇഷ്ടം സിനിമയോടു തോന്നിയ ത്രേസ്യാമ്മ കുടുംബ സ്വത്ത് വിറ്റ് രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയ്ക്കാണ് അന്ന് ഗ്രീൻലാൻഡ് വാങ്ങിയത്. പറക്കമുറ്റാത്ത കുട്ടികളുള്ള ഒരു വിധവയെ സംബന്ധിച്ച് ആത്മഹത്യാപരമെന്നു മറ്റുള്ളവർ വിശേഷിപ്പിച്ചിരുന്ന തീരുമാനം. ഭർത്താവ് ജോർജിന്റെ അപ്രതീക്ഷിത മരണം തളർത്തിയെങ്കിലും ത്രേസ്യാമ്മയെ മുന്നോട്ട് നയിച്ചത് ഇങ്ങനെയുള്ള തീരുമാനങ്ങളും ലക്ഷ്യങ്ങളുമായിരുന്നു. കുടുംബം പോറ്റാൻ തിയറ്ററിന്റെ ചുമതല ഏറ്റെടുത്ത ത്രേസ്യാമ്മ പിന്നീടങ്ങോട്ട് ജീവിതം പഠിക്കുകയായിരുന്നു. സിനിമയെ വെല്ലുന്ന ജീവിതം. വലിയ സാമ്പത്തിക ലാഭമൊന്നും ലഭിച്ചില്ലെങ്കിലും സിനിമയോടുള്ള ഇഷ്ടം മുന്നോട്ട് നയിച്ചു. ഇതിനിടെ പല ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അതിനെയൊക്കെ തരണം ചെയ്തു. വരുമാനം കുറഞ്ഞ് തിയറ്റർ പൂട്ടേണ്ട സ്ഥിതി എത്തി. ത്രേസ്യാമ്മ അവിടെയും കുലുങ്ങിയില്ല.
വർഷങ്ങൾ കടന്നു പോയി. ത്രേസ്യാമ്മയ്ക്കു പ്രായമായി. മക്കൾ വളർന്നു. അവർ നല്ല നിലയിലെത്തി. മരുമക്കളും കൊച്ചുമക്കളും വന്നു. സിനിമ തിയറ്ററുകളിൽ നിന്ന് ഇന്റർനെറ്റിലും ലാപ്ടോപ്പിലും മൊബൈലിലും എത്തി. ഗ്രീൻലാൻഡ് കിതച്ചു കിതച്ചു മുന്നോട്ടു പോയി. എന്നിട്ടും ത്രേസ്യാമ്മ അതിനെ കൈവിടാൻ കൂട്ടാക്കിയില്ല. ഒരു സിനിമ റിലീസ് ദിവസം തന്നെ തന്റെ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്നത് ത്രേസ്യാമ്മയുടെ സ്വപ്നമായിരുന്നു. 32 വയസ്സുള്ളപ്പോൾ സ്വന്തമാക്കിയ തിയറ്ററിനെക്കുറിച്ചുള്ള സ്വപ്നം പൂവണിയുമ്പോൾ ത്രേസ്യാമ്മയ്ക്ക് വയസ്സ് 58.
2008 ൽ മോഹൻലാൽ ചിത്രം ‘കുരുക്ഷേത്ര’ കേരളത്തിലെ 337 തിയറ്ററുകളിലെത്തിയപ്പോൾ അതിലൊരു പേര് ചെറുതോണിയിലെ ഇടുക്കി ഗ്രീൻലാൻഡ് തിയറ്ററിന്റേതായിരുന്നു. ഇതിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങൾ റിലീസ് ദിവസം തന്നെ ഇവിടെ പ്രദർശിപ്പിച്ചു. 2010–ൽ പെട്ടന്നുണ്ടായ വീഴ്ചയിൽ നട്ടെല്ലിനു പൊട്ടലേറ്റതോടെ ത്രേസ്യാമ്മ കിടപ്പിലായപ്പോൾ തിയറ്റർ ആരും നോക്കാനില്ലാതായി. അങ്ങനെ 2010–ൽ ഗ്രീൻലാൻഡ് അടച്ചുപൂട്ടി. ആ കിടപ്പിലും സിനിമയും തിയറ്ററുമൊക്കെയായിരുന്നു ത്രേസ്യാമ്മയുടെ മനസ്സിൽ. പൂട്ടിക്കിടന്ന തിയറ്റർ പുതുക്കി പണിയാൻ തീരുമാനിച്ചത് ആ സമയത്താണ്. സ്വന്തം പേരിലുണ്ടായിരുന്ന പറമ്പും അറുപത്തിയഞ്ചു പവന്റെ സ്വർണവും വിറ്റ് പണം മുടക്കി തിയറ്റർ നവീകരിച്ചു.
അങ്ങനെ 2015 ജൂൺ മാസം ഡിജിറ്റൽ സങ്കേതിക തികവോടെ ഗ്രീൻലാൻഡ് സിനിമാസ് തുറന്നു. എന്നാൽ പ്രദർശനം ഏറെ നാൾ മുന്നോട്ടു കൊണ്ടുപോകാനായില്ല. 2018, 19 വർഷങ്ങളിലെ പ്രളയവും പിന്നീടു വന്ന കോവിഡ് മഹാമാരിയും ഗ്രീൻലാൻഡിനെയും ബാധിച്ചു. പിന്നീട് കഴിഞ്ഞ വർഷം പകുതിയോടെയാണ് പ്രദർശനം പുനരാരംഭിച്ചത്. ചെറുതോണിയുടെ ഹൃദയഭാഗത്താണ് ഗ്രീൻലാൻഡ് തിയറ്റർ. കോടികൾ വിലമതിക്കുന്ന സ്ഥലം വിൽക്കാനായി പലരും ചോദിച്ചു വന്നിട്ടും ത്രേസ്യാമ്മ സമ്മതിച്ചില്ല. കാരണം സിനിമയെന്നാൽ ത്രേസ്യാമ്മയ്ക്കു ജീവനാണ്. ആ ജീവൻ പോയിട്ട് ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ ?
ത്രേസ്യാമ്മയുടെ കുടുംബം
മൂത്ത മകൻ അഭിഭാഷകനും ഇടുക്കി ബാർ അസോസിയേഷൻ പ്രസിഡന്റുമായ ബേബിച്ചൻ വി.ജോർജും കുടുംബവുമാണ് ത്രേസ്യാമ്മയ്ക്ക് ഒപ്പമുള്ളത്. കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പ്രിൻസിപ്പൽ ഡോ.ലിജിമോൾ പി ജേക്കബാണ് ബേബിച്ചന്റെ ഭാര്യ. ‘കേരളത്തിൽ ഡിജിറ്റൽ സിനിമകളുടെ സ്വാധീനം’ എന്ന വിഷയത്തിലായിരുന്നു ഇവർ പിഎച്ച്ഡിക്കു ഗവേഷണം നടത്തിയത്. ഇവരുടെ മക്കൾ രണ്ടു പേരും സിനിമാ പ്രവർത്തകരാണ്. മൂത്തമകൻ ജോർജ് വർഗീസ് ഹ്രസ്വചിത്ര സംവിധായകനാണ്. രണ്ടാമൻ ജെയ്ക്ക് വർഗീസ് ഹ്രസ്വ ചിത്രങ്ങളിൽ അഭിനേതാവും. ത്രേസ്യാമ്മയുടെ രണ്ടാമത്തെ മകൾ മിനി ഡിമിൽ ദുബായിൽ ഡോക്ടറാണ്. മൂന്നാമത്തെ മകൻ ബാബു ജോർജ് എറണാകുളത്ത് ബിസിനസ് ചെയ്യുന്നു. നാലാമത്തെ മകൾ റെനി സന്തോഷ് പാലായിൽ ഫാഷൻ ഡിസൈനറാണ്.