വണ്ണപ്പുറം- കമ്പംമെട്ട് ഹൈവേ നിർമാണം വഴിയടച്ചു; ജനം പെരുവഴിയിൽ
Mail This Article
നെടുങ്കണ്ടം ∙ വണ്ണപ്പുറം- കമ്പംമെട്ട് ഹൈവേ നിർമാണത്തിന്റെ ഭാഗമായി വഴി അടച്ചതോടെ ദുരിതത്തിലായി പ്രദേശവാസികൾ. നിർദിഷ്ട വണ്ണപ്പുറം-കമ്പംമെട്ട് ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട് മുതൽ എഴുകുംവയൽ വരെയുള്ള റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മുണ്ടിയെരുമ- താന്നിമൂട് മുതൽ കല്ലാർ വരെയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതോടെയാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള ഈ പ്രദേശത്തെ ജനങ്ങൾ പ്രതിസന്ധിയിലായത്.
ജനുവരി 20 മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ എത്ര ദിവസത്തേക്കാണ് നിരോധനം എന്നതിൽ വ്യക്തത പോലും ഇല്ലാതെയാണ് അറിയിപ്പ് ഇറങ്ങിയിരിക്കുന്നത്. ഇതോടെ സ്വന്തമായി വാഹനം ഇല്ലാത്ത തൊഴിലാളികളും വിദ്യാർഥികളുമടങ്ങുന്ന വലിയൊരു സമൂഹമാണ് ദുരിതത്തിലായിരിക്കുന്നത്.
ഭാഗികമായെങ്കിലും ഇതുവഴിയുള്ള ഗതാഗതം അനുവദിക്കുകയും താന്നിമൂട് പാലം തുറന്നു നൽകുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രശ്നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.