വനം വകുപ്പ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളം മുടങ്ങി
Mail This Article
രാജകുമാരി ∙ നാടിനെയും നാട്ടുകാരെയും വന്യമൃഗങ്ങളിൽ നിന്നു രക്ഷിക്കാൻ സ്വന്തം സുരക്ഷ പോലും മറന്ന് രാപകൽ ജോലി ചെയ്യുന്ന വനം വകുപ്പ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളം മുടങ്ങി. വാച്ചർമാരിൽ പലർക്കും 3 മുതൽ 6 മാസം വരെയായി ശമ്പളം ലഭിച്ചിട്ടില്ല. മാസങ്ങളോളം ശമ്പളം മുടങ്ങിയ ശേഷം ഒന്നോ രണ്ടോ മാസത്തെ ശമ്പളം നൽകി വനം വകുപ്പും സർക്കാരും ഇവരെ പറ്റിക്കുകയാണെന്നാണ് ആരോപണം.
തദ്ദേശീയരായ ആളുകളാണ് ഓരോ മേഖലയിലും വാച്ചർമാരായി ജോലി ചെയ്യുന്നത്. കാട്ടാനയുൾപ്പെടെയുള്ള വന്യ മൃഗങ്ങളെ തുരത്താൻ മുള വടിയും ആത്മവിശ്വാസവും മാത്രമാണ് ഇവർക്കുള്ളത്. യൂണിഫോം അലവൻസും മറ്റ് ആനുകൂല്യങ്ങളുമില്ല. ഏറെക്കാലത്തിനു ശേഷം കഴിഞ്ഞ വർഷം ദേവികുളം റേഞ്ചിന് കീഴിൽ ജോലി ചെയ്യുന്ന വാച്ചർമാർക്ക് ഷൂസും മഴക്കോട്ടും നൽകിയിരുന്നു. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനും നാട്ടുകാർക്കു മുന്നറിയിപ്പ് നൽകാനും വേണ്ടി രാത്രിയിലും ജോലി ചെയ്യുന്ന ഇവർക്ക് വെളിച്ചമുള്ള ടോർച്ച് പോലും വനം വകുപ്പ് അനുവദിക്കാറില്ല.
650 മുതൽ 700 വരെയാണ് വാച്ചർമാരുടെ ദിവസ വേതനം. പക്ഷേ ജോലിക്ക് കൃത്യമായ സമയ പരിധിയില്ല. നാട്ടുകാർ എപ്പോൾ വിളിച്ചാലും അവിടെയെത്തണം. കാട്ടാനയെ മാത്രമല്ല കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളെയും കാട്ടിലേക്കു തുരത്താൻ നാട്ടുകാർ വാച്ചർമാരുടെ സഹായം തേടും.
വനം വകുപ്പിൽ മറ്റെല്ലാ തസ്തികകളിലും ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും വന്യജീവികളെ നേരിട്ട് പ്രതിരോധിക്കുന്ന വാച്ചർമാർക്ക് മാത്രം ഇതില്ല. മറ്റു വകുപ്പുകളിലെല്ലാം 10 വർഷം വരെ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുകയോ, കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ വനം വകുപ്പിനു കീഴിൽ വർഷങ്ങളായി ജോലി ചെയ്യുന്ന വാച്ചർമാർക്ക് മാത്രം ഇത്തരം ആനുകൂല്യങ്ങളാെന്നുമില്ല. ഇവർക്ക് ശമ്പളം നൽകാനായി പ്രത്യേക ഫണ്ട് ഇല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.