ഇരട്ടയാറിൽ വീടിന്റെ വാതിൽ തകർത്ത് രണ്ടര പവൻ കവർന്നു
Mail This Article
കട്ടപ്പന ∙ ഇരട്ടയാർ നത്തുകല്ലിനു സമീപം വീടിന്റെ വാതിൽ തകർത്ത് രണ്ടര പവന്റെ സ്വർണാഭരണവും 5000 രൂപയും കവർന്നു. പുരയിടത്തിൽ ബേബിച്ചന്റെ വീട്ടിലായിരുന്നു മോഷണം. പള്ളിയിൽ പോയിരുന്ന ഇദ്ദേഹവും കുടുംബവും 25നു രാത്രി പത്തോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിൽ തൂമ്പയും മറ്റും ഉപയോഗിച്ച് നശിപ്പിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയിരിക്കുന്നത്. മോതിരവും കമ്മലുകളും പണവുമാണ് നഷ്ടമായത്. എല്ലാ മുറികളിലെയും വസ്തുക്കൾ നിരത്തിയിട്ട നിലയിലാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അടുത്തയിടെ കട്ടപ്പന, ഉപ്പുതറ, തങ്കമണി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വ്യാപകമായി മോഷണം നടക്കുകയാണെങ്കിലും മോഷ്ടാക്കളെക്കുറിച്ച് സൂചനയൊന്നുമില്ല. കഴിഞ്ഞ 12നു നഗരത്തിലെ സ്വർണാഭരണശാലയുടെ ഭിത്തി തുരന്ന് മോഷണശ്രമവും നടന്നിരുന്നു. ഏതാനും മാസം മുൻപ് വെള്ളിലാംകണ്ടത്ത് വീട്ടിൽ നിന്നു സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിനുശേഷം മേരികുളം, ലബ്ബക്കട തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം നടന്നിരുന്നു.