ADVERTISEMENT

തൊടുപുഴ ∙ ഐശ്വര്യത്തിന്റെ കണിക്കാഴ്ചയുമായി എത്തുന്ന വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ നാടും നഗരവും. ഞായറാഴ്ചയാണ് വിഷു. വിഷുക്കണിയും സദ്യയും ഒരുക്കാനും ആഘോഷം കെങ്കേമമാക്കാനും വേണ്ടതെല്ലാം വാങ്ങാൻ ആളുകൾ ഇന്നും നാളെയുമായി കടകളിലേക്കെത്തും. വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാണ്. കനത്ത വേനൽച്ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും കത്തിനിൽക്കുന്നുണ്ടെങ്കിലും അതൊന്നും വിഷു ഒരുക്കങ്ങളെ തെല്ലും ബാധിക്കുന്നില്ല.

കൊന്നപ്പൂക്കൾ, കൃഷ്ണപ്രതിമകൾ
ഇത്തവണയും കണിക്കൊന്നകൾ വിഷുവിനു വളരെനാൾ മുൻപുതന്നെ പൂത്തുതുടങ്ങിയിരുന്നു. എന്നാലും ഇപ്പോഴും മിക്ക സ്ഥലങ്ങളിലും സ്വർണവർണവുമായി കണിക്കൊന്നകളിൽ പൂക്കൾ നിറഞ്ഞിട്ടുണ്ട്. തലേദിവസം വഴിയോരങ്ങൾ കേന്ദ്രീകരിച്ച് കൊന്നപ്പൂക്കളുടെ വിൽപന സജീവമാകും. ഒരുപിടി കൊന്നപ്പൂവിനു 30–50 രൂപയാണ് കഴിഞ്ഞവർഷം വിൽപനക്കാർ ഈടാക്കിയത്.പ്ലാസ്റ്റിക് കണിക്കൊന്നപ്പൂക്കളും വിൽപനയ്ക്കുണ്ട്.പല വർണങ്ങളിലുള്ള ആടയാഭരണങ്ങളോടെ മോടിയുള്ള കൃഷ്ണപ്രതിമകളും കടകളിൽ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്. നഗരത്തിലെ വഴിയോരങ്ങളിലും പ്രതിമകളുടെ വിൽപനയുണ്ട്. 150 രൂപ മുതലാണ് വില.

പടക്കവിപണി സജീവം
വിഷു ആഘോഷം കളറാക്കാൻ പടക്കവിപണിയും റെഡി. ശബ്ദത്തെക്കാൾ വർണങ്ങൾക്കു പ്രാധാന്യം നൽകുന്ന ഇനങ്ങൾക്കു തന്നെയാണ് ഇത്തവണയും ആവശ്യക്കാരേറെ. കമ്പിത്തിരി, ചക്രം, മത്താപ്പൂ, റോക്കറ്റ്, സ്കൈ ഷോട്സ് എന്നിവയെല്ലാം വിഷു ആഘോഷങ്ങൾക്കു മോടി കൂട്ടാൻ വിപണിയിലുണ്ട്. വിഷുവിനു തലേദിവസമാണ് കൂടുതൽ കച്ചവടം. മഴ പെയ്താൽ കച്ചവടം കുറയുമെന്നും വിൽപനക്കാർ പറയുന്നു.വിഷുവിനോടനുബന്ധിച്ച് വിവിധ ഓഫറുകൾ പല വസ്ത്രവ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗൃഹോപകരണ വിപണിയിലും ഒട്ടേറെ ഓഫറുകളുണ്ട്. ജില്ലയിൽ പ്രത്യേക വിഷുച്ചന്തകളും സജീവമാണ്.

താരം കണിവെള്ളരി 
വിഷുവിനു സദ്യ പ്രധാനമാണ്. അതിനാൽ, പച്ചക്കറി വിപണിയിലാകും നാളെ തിരക്ക് കൂടുതൽ. വിഷുക്കാലത്ത് കണിവെള്ളരിയാണ് പ്രധാന താരം. പച്ചക്കറി വിൽപന കേന്ദ്രങ്ങളിലെല്ലാം പൊന്നിൻ നിറമുള്ള കണിവെള്ളരികൾ കൂടുതലായി ഇടംപിടിക്കും. കിലോഗ്രാമിന് 30 രൂപയായിരുന്നു ഇന്നലത്തെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com