ADVERTISEMENT

രാജകുമാരി∙ നാട്ടിലാകെ തിരഞ്ഞെടുപ്പിന്റെ ആവേശത്തിരയിളക്കമാണെങ്കിലും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ കാട്ടാനപ്പേടിയുടെ നെരിപ്പോടിലെരിയുന്നു. 301 കോളനി, സിമന്റുപാലം, ബിഎൽ റാം, ചെമ്പകത്താെഴുക്കുടി, ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ മേഖലകളിലാണ് ഒറ്റയാൻമാരും പിടിയാനക്കൂട്ടങ്ങളും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. സിമന്റുപാലത്ത് റോഡിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കി.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മൂന്നാറിൽ നിന്ന് ബോഡിനായ്ക്കന്നൂരിലേക്ക് വഴി തെറ്റി സിമന്റ്പാലം വഴി വന്ന ബൈക്ക് യാത്രികരെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. ബോഡിനായ്ക്കന്നൂർ സ്വദേശി മുരുകനും സുഹൃത്തും കാട്ടാനയെ കണ്ടതോടെ ബൈക്ക് നിർത്തി ഓടി രക്ഷപ്പെട്ടു. കാട്ടാന പിന്നാലെ ഓടിയെത്തിയെങ്കിലും ഇരുവരും തലനാരിഴയ്ക്ക് രക്ഷപെട്ടു. തുടർന്ന് കാട്ടാന ഇവരുടെ ബൈക്കിന് നാശനഷ്ടം വരുത്തി. മൂന്നാറിൽ നിന്ന് സൂര്യനെല്ലി, ബിഎൽ റാം വഴി ബോഡിമെട്ടിലേക്ക് പോകാനെത്തിയ ഇവർ ഗൂഗിൾ മാപ്പിൽ കണ്ട വഴിയിലൂടെ പോയപ്പോഴാണ് സിമന്റ്പാലത്ത് എത്തിയത്.

കാട്ടാനശല്യം രൂക്ഷമായതിനാൽ സിമന്റ്പാലം വഴി ബോഡിമെട്ടിലേക്കുള്ള രാത്രികാല വാഹനയാത്രയ്ക്ക് നിയന്ത്രണമുണ്ട്. പന്നിയാർ മേഖലയിലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ചക്കക്കാെമ്പൻ, മുറിവാലൻ കാെമ്പൻ എന്നീ ഒറ്റയാൻമാരെ കൂടാതെ കുട്ടിയാനകളുൾപ്പെടെയുള്ള 2 ആനക്കൂട്ടങ്ങളും ജനവാസ മേഖലയിൽ ചുറ്റിത്തിരിയുകയാണ്. കാട്ടാന ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലെ സ്പെഷൽ ആർആർടി യൂണിറ്റ് സദാസമയവും കാട്ടാനകളെ നിരീക്ഷിച്ച് വിവരം നാട്ടുകാർക്ക് കൈമാറുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com