ഏലം കൃഷിനാശം: നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം
Mail This Article
രാജകുമാരി∙ ഇടുക്കിയിൽ വരൾച്ചമൂലം ഏലം കൃഷി നശിച്ച മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ 30 വരെ കൃഷി ഭവനുകളിൽ സമർപ്പിക്കാം. വരൾച്ചാബാധിതമായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര മാനദണ്ഡങ്ങൾ തടസ്സമായതിനാൽ ജില്ലയിലുണ്ടായ ഉഷ്ണ തരംഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം അനുവദിക്കുക. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മേയ് 19 വരെ ജില്ലയിൽ ഉഷ്ണതരംഗം ഉണ്ടായി. ഇക്കാലയളവിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കും. ആധാർ കാർഡ്, ഭൂനികുതി രസീത്, നാശനഷ്ടം സംഭവിച്ച കൃഷി ഭൂമിയുടെ ചിത്രം എന്നിവ സഹിതമാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകേണ്ടത്. കൃഷി നാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനാെപ്പം വരൾച്ചയെ പ്രതിരോധിക്കാനുള്ള കർമപദ്ധതികൾ സഹിതം കൃഷി വകുപ്പ് സർക്കാരിന് പ്രത്യേക ആക്‌ഷൻ പ്ലാൻ സമർപ്പിച്ചിരുന്നു.
ഏലം മേഖലയിൽ ഒരു സീസണിലെ വിളവെടുപ്പിലുണ്ടാകാൻ സാധ്യതയുള്ള നഷ്ടം കണക്കാക്കിയാൽ 2,869.17 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കർഷക സംഘടനകൾ കണക്കുകൂട്ടുന്നു. എന്നാൽ 22,311 കർഷകർക്ക് 113 കോടി രൂപയുടെ വിളനാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. അടുത്ത സീസണിലുണ്ടാകുന്ന ഉൽപാദന നഷ്ടം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉഷ്ണതരംഗം എന്ന ബാനറിൽ കൃഷി വകുപ്പ് എഫ്ഐആറുകൾ വീണ്ടും റജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. കൃഷി വകുപ്പിന്റെ സാമ്പത്തിക ബാധ്യത പരിഗണിച്ച് ദുരന്ത നിവാരണ ഫണ്ടിൽ നിന്നുൾപ്പെടെ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
മഴ പെയ്തതോടെ അഴുകൽ ഭീഷണിയും
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏലയ്ക്ക വില വർധിച്ചെങ്കിലും ഏലച്ചെടികൾ ഉണങ്ങി വീണതോടെ ഉൽപാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ഇതു കൂടാതെയാണ് ഇപ്പോൾ അഴുകൽ രോഗ ഭീഷണിയും ഏലം മേഖലയെ പ്രതികൂലമായി ബാധിച്ചത്. ഇത്തവണ മഴയുടെ തോത് വർധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരൾച്ചയെ അതിജീവിച്ച ഏലച്ചെടികൾക്ക് അഴുകൽ രോഗവും വൻഭീഷണിയാണ്. അഴുകൽ രോഗം വ്യാപകമാകും മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ ചെടികൾ നശിക്കും. മഴക്കാലത്ത് വ്യാപിക്കുന്ന ഒരിനം കുമിളാണ് രോഗകാരണം. ഏലച്ചെടിയുടെ ഇല, ചിമ്പ്, ശരം, കായ് തുടങ്ങി എല്ലാ ഭാഗങ്ങളിലും രോഗം ബാധിക്കും. തിളച്ച വെള്ളം വീണാലുണ്ടാകുന്ന പാടുകൾക്ക് സമാനമാണ് ആദ്യ ലക്ഷണം. രോഗം കായ്കളെ ബാധിക്കുമ്പോഴാണ് നഷ്ടം കൂടുതലുണ്ടാവുക.
പ്രതിരോധം പ്രധാനം
ചെടിച്ചുവട്ടിൽനിന്നു ചപ്പുചവറുകൾ നീക്കി തണൽ ക്രമീകരിക്കുകയും നീർവാർച്ച ഉറപ്പു വരുത്തുകയുമാണ് ആദ്യം സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ. മുൻകൂട്ടി കുമിൾ നാശിനികൾ തളിക്കുന്നതാണ് അഴുകൽ രോഗബാധയെ അകറ്റാനുള്ള മാർഗം. ഇൗർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ മരുന്നു തളിക്കൽ രണ്ടോ മൂന്നോ തവണ നടത്തണം.