ADVERTISEMENT

ലബ്ബക്കട∙ അഞ്ച് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്ന കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ളത് രണ്ടുപേർ മാത്രം. ഇവർ അവധിയെടുത്താൽ ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന സ്ഥിതിയാണ്. ഇതിൽ ഒരു ഡോക്ടർ രണ്ടു ദിവസത്തെ അവധി എടുത്തതോടെ ഇന്നലെ സായാഹ്ന ഒപി ഉണ്ടായിരുന്നില്ല. 4 സ്ഥിരം ഡോക്ടർമാരുടെ തസ്തികയും സായാഹ്ന ഒപിയിലേക്ക് പഞ്ചായത്തിൽനിന്ന് നിയമിച്ചിരിക്കുന്ന ഒരു ഡോക്ടറുമുള്ള ആശുപത്രിക്കാണ് ഈ ദുരവസ്ഥ.

4 സ്ഥിരം ഡോക്ടർമാരുണ്ടെങ്കിലും ഒരാൾ പ്രസവാവധിയിൽ പ്രവേശിച്ചു. മറ്റൊരാൾ പഠനത്തിനായി അവധിയെടുത്തിരിക്കുകയാണ്. ഒരാളെ വർക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി മാറ്റുകയും ചെയ്തതോടെയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നവരുടെ ദുരിതം ആരംഭിച്ചത്. 4 സ്ഥിരം ഡോക്ടർമാർ ഉണ്ടായിരുന്നപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. ഡോക്ടർമാർ കുറഞ്ഞതോടെ ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തി. മുൻപ് ദിവസേന 250ൽ അധികം രോഗികൾ ഒപിയിൽ ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതോടെ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടാണ്.

ഇതുമൂലം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഇന്നലെ 151 പേരാണ് ഇവിടെ   ചികിത്സ തേടിയെത്തിയത്.  ഒരു ഡോക്ടർ കൂടുതൽ രോഗികളെ പരിശോധിച്ച് മരുന്ന് നിർദേശിക്കേണ്ടി വരുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തിൽനിന്ന് സായാഹ്ന ഒപിയിലേക്കാണ് ഡോക്ടറെ നിയമിച്ചിരിക്കുന്നതെങ്കിലും പലപ്പോഴും രാവിലത്തെ ഒപിയിൽ ഈ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. അത്തരം സാഹചര്യങ്ങളിൽ സായാഹ്ന ഒപിയുടെ പ്രവർത്തനം നിലയ്ക്കും. 

6 സബ് സെന്ററുകളുള്ള ഇവിടെ 3 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ തസ്തിക മാത്രമാണുള്ളത്. അതിൽ ഒരാൾ അവധിയിൽ പ്രവേശിച്ചതിനാൽ നിലവിൽ രണ്ടുപേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. 6 ജെപിഎച്ച്എൻമാരുടെ തസ്തിക ഉണ്ടെങ്കിലും ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. കോഴിമല ആദിവാസി മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണെങ്കിലും ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി വൈകുകയാണ്. തോട്ടം തൊഴിലാളികൾക്ക് ഉൾപ്പെടെ സായാഹ്ന ഒപിയുടെ പ്രവർത്തനം അടിക്കടി തടസ്സപ്പെടുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com