ADVERTISEMENT

പീരുമേട് ∙ വാഗമണ്ണിലെ ഒറ്റമുറി വീടിന് 49,170 രൂപ വൈദ്യുതി ബിൽ ചുമത്തിയ സംഭവത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച. ബിൽ നൽകിയ കെഎസ്ഇബിയുടെ പോത്തുപാറ സെക്‌ഷൻ ഓഫിസിനു കീഴിൽ വൈദ്യുതി മീറ്ററുകളുടെ ചെക്ക് റീഡിങ് മുടങ്ങിയിട്ട് 4 വർഷം. ഓരോ സെക്‌ഷന്റെയും കീഴിലുള്ള അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ, ഓവർസീയർ എന്നിവർ പ്രതിമാസം 100 ഉപഭോക്താക്കളുടെ വീതം മീറ്ററുകൾ റീഡിങ് നടത്തി റിപ്പോർട്ട് നൽകണമെന്നാണ് വൈദ്യുതി ബോർഡിന്റെ ഉത്തരവ്. എന്നാൽ 48 മാസത്തിനിടെ ഈ നിയമം പീരുമേട് സെക്‌ഷന്റെ കീഴിൽ അട്ടിമറിക്കപ്പെട്ടു.

ഉദ്യോഗസ്ഥർ ആരും ഇത്തരം പരിശോധനയ്ക്കു മുതിർന്നിട്ടില്ല. ഓവർസീയർമാർ - 6, സബ് എൻജിനീയർ - 3, അസിസ്റ്റന്റ് എൻജിനീയർ - 1 എന്നീ പ്രകാരം ഉദ്യോഗസ്ഥർ പോത്തുപാറ സെക്‌ഷനിൽ ജോലി ചെയ്യുന്നുണ്ട്.  മീറ്റർ റീഡർമാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന പരിശോധനയും, ഇവർ കൃത്യവിലോപം നടത്തിയിട്ടുണ്ടെങ്കിൽ ഇതു കണ്ടുപിടിക്കുന്നതിനും കഴിയുന്നതാണ് ചെക്ക് റീഡിങ്ങ്. എന്നാൽ  ഉദ്യോഗസ്ഥർ ഈ പരിശോധനയിൽ നിന്നു മാറി നിന്നത് ക്രമക്കേട് കാണിക്കാൻ മീറ്റർ റീഡർമാർക്ക് സൗകര്യമായെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. 

കഴിഞ്ഞ വർഷവും ഇതേ പ്രശ്നം
കഴിഞ്ഞ വർഷം പാമ്പനാർ ഗ്ലെൻമേരി എൽഎംഎസ് കോളനിയിൽ ഒരു ഡസനിലധികം ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ കാൽ ലക്ഷത്തിനു മുകളിൽ വരുന്ന ബില്ലുകൾ ലഭിച്ചിരുന്നു. എന്നാൽ അന്നും  ഇതു താൽക്കാലിക ജീവനക്കാരനായ മീറ്റർ റീഡറുടെ വീഴ്ചയാക്കി. ബിൽ ചുമത്തിയതിലെ പിശക് പരിശോധിക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യം തള്ളിയ ബോർഡ് അധികൃതർ പണം ഒടുക്കണമെന്ന് വാശിപിടിച്ചു. ഇതിനിടെ അമിത ബിൽ വന്നതിനെതിരെ ഉപഭോക്താക്കൾ നിയമനടപടികൾ ആരംഭിച്ചു. അന്നും അമിത ബിൽ ചുമത്താൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചും ഒരു തലത്തിലും, വിശദമായ അന്വേഷണമോ, പരിശോധനയോ നടത്താൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല.

ഇത്തവണ വാഗമൺ വട്ടപ്പതാലിലും ഒറ്റമുറി വീടിന് അര ലക്ഷം രൂപ ബിൽ വന്നതിനെ സംബന്ധിച്ചു പരിശോധന നടത്താതെ വിധവയുടെ വൈദ്യുതി ബന്ധം വിഛേദിക്കാൻ ഉത്തരവാദിത്തപ്പെട്ടർ തീരുമാനം എടുക്കുകയും നടപ്പാക്കുകയുമായിരുന്നു. ബോർഡിനു പിഴവ് വന്നാലും  നൽകിയ ബിൽ അനുസരിച്ച് തുക ഉപഭോക്താവ് അടയ്ക്കണമെന്ന  കെഎസ്ഇബിയുടെ നിലപാട് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ 23.5 കിലോമീറ്റർ ദൈർഘ്യവും 22,000 ഉപഭോക്താക്കളും അടങ്ങുന്ന പോത്തുപാറ സെക്‌ഷനിൽ മീറ്റർ ചെക്ക് റീഡിങ് ചെയ്യാൻ അംഗ സംഖ്യയിൽ കുറവായ തങ്ങൾക്ക് സമയം ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com