രണ്ടുമുറി വീടിന് 34,165 രൂപ ബിൽ; വിഛേദിച്ച വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു
Mail This Article
മേരികുളം ∙ രണ്ടുമുറി വീടുള്ള കർഷക കുടുംബത്തിനു 34,165 രൂപയുടെ ബിൽ നൽകിയശേഷം കെഎസ്ഇബി അധികൃതർ വിഛേദിച്ച വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആറേക്കർ ആലയ്ക്കൽ എ.ജെ.ആഗസ്തിയുടെ വീട്ടിലെ വൈദ്യുതിയാണു അഞ്ചു ദിവസത്തിനുശേഷം ഇന്നലെ പുനഃസ്ഥാപിച്ചത്. 300 രൂപയ്ക്കു താഴെ മാത്രം വൈദ്യുതി ബിൽ വന്നിരുന്ന ഇദ്ദേഹത്തിന് ഈമാസം 34,165 രൂപയുടെ ബില്ലാണ് ലഭിച്ചത്.
കൂലിപ്പണിക്കാരനായ തനിക്ക് ഇത്രയും ഭാരിച്ച തുക അടയ്ക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി ഇദ്ദേഹം കെഎസ്ഇബി ഉപ്പുതറ സെക്‌ഷനിൽ പരാതി നൽകിയതോടെ അധികൃതർ പരിശോധനയ്ക്ക് എത്തി. വയറിങ് ശരിയായ രീതിയിലല്ലെന്നും ഇഎൽസിബി ഇല്ലെന്നും ഇത് അപകട സാധ്യത കൂട്ടുമെന്നും വ്യക്തമാക്കിയാണ് കണക്‌ഷൻ വിഛേദിച്ചത്. ഇത് വാർത്തയായതോടെ ഇന്നലെ വൈകിട്ട് ഉദ്യോഗസ്ഥർ വീണ്ടും വീട്ടിൽ എത്തുകയും എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചശേഷം കണക്‌ഷൻ പുനഃസ്ഥാപിക്കുകയുമായിരുന്നു. വൻതുക ബിൽ വരാൻ കാരണം മീറ്ററിലെ തകരാർ ആണോയെന്നു കണ്ടെത്താൻ പരിശോധനയ്ക്കായി അയച്ചു.