‘3 മിനിറ്റ് – എല്ലാം കഴിഞ്ഞു’: കുമളിയിൽ കാർ കത്തി ഡ്രൈവർ മരിച്ച സംഭവത്തിലെ ദൃക്സാക്ഷി പറയുന്നു
Mail This Article
കുമളി∙ 66-ാം മൈലിൽ കാറിന് തീ പിടിച്ച് കുമളി കോഴിക്കോട്ട് വീട്ടിൽ റോയി സെബാസ്റ്റ്യൻ മരിച്ച സംഭവത്തിൽ 3 മിനിറ്റ് കൊണ്ട് വാഹനം കത്തിനശിച്ചുവെന്ന് ദൃക്സാക്ഷി. സംഭവം നേരിൽക്കണ്ടത് ബൈക്ക് യാത്രക്കാരനായ വണ്ടിപ്പെരിയാർ സ്വദേശി ടി.നവരാജാണ്. കാർ ഡ്രൈവറെ രക്ഷപ്പെടുത്താൻ അടുത്തേക്ക് എത്താൻ പോലും കഴിയാത്ത സാഹചര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തേക്കടിയിൽ വനം വകുപ്പിൽ ജോലി ചെയ്യുന്ന അദ്ദേഹം സംഭവം വിവരിക്കുന്നു:
‘ബൈക്കിൽ വരുമ്പോഴാണ് നടുറോഡിൽ നിർത്തിയിരിക്കുന്ന കാറിന്റെ ഉള്ളിൽനിന്ന് തീ ഉയരുന്നത് കാണുന്നത്. യാത്രക്കാരെ രക്ഷിക്കാൻ കാറിന്റെ മുന്നിലെത്തി. ഈ സമയം കോട്ടയം ഭാഗത്തേക്കു പോകാനെത്തിയ കെഎസ്ആർടിസി ബസിൽ നിന്നു 2 പേർ കൂടി ഓടിയെത്തി. കാറിന്റെ ചില്ലുകളെല്ലാം അടച്ചിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡോർ തുറന്ന് ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസിൽ നിന്ന് ഓടിയെത്തിയവരിൽ ഒരാൾ സമീപത്തു കിടന്ന വലിയ കമ്പ് ഉപയോഗിച്ച് ഗ്ലാസ് തകർത്തു. അപ്പോഴേക്കും തീ ആളിപ്പടർന്നു തുടങ്ങിയിരുന്നു.
ഡ്രൈവർ ബ്രേക്കിൽനിന്ന് കാലെടുത്തതിനാലാകാം, ഇറക്കത്തിൽ നിർത്തിയിരുന്ന കാർ മുന്നോട്ടുനീങ്ങി. തീ ആളിപ്പടർന്നതിനാൽ ഞങ്ങൾക്ക് ഓടിമാറേണ്ടി വന്നു. മുന്നോട്ടു നീങ്ങിയ കാർ മുന്നിൽ നിർത്തിയിരുന്ന ബൈക്കിൽ ഇടിച്ചു നിന്നു. കാറിൽ നിന്നു പടർന്ന തീയിൽ ബൈക്കും കത്തി. ഇതേസമയം ശരീരമാകെ പൊള്ളലേറ്റ ഡ്രൈവർ ഡോർ തുറന്നു പുറത്തേക്കു വീണു. നാട്ടുകാർ ടാങ്കറിൽ വെള്ളമെത്തിച്ചു തീയണച്ച ശേഷമാണ് പൊള്ളലേറ്റു മരിച്ചയാളെ അവിടെനിന്നു മാറ്റാൻ കഴിഞ്ഞത്.’