ADVERTISEMENT

തൊടുപുഴ ∙ മഴക്കാലം ഇടുക്കി ജില്ലയ്ക്ക് കൂടുതൽ ഭീഷണിയാകുന്നത് മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കൊണ്ടാണ്. ചിലത് ഭൂ പ്രകൃതിയുടെ സ്വഭാവം കൊണ്ടും മറ്റു ചിലത് ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കാതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ കൊണ്ടും. തദ്ദേശഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്രസർക്കാർ വരെ നടപ്പാക്കുന്ന വിവിധ പദ്ധതികൾ തെളിവുകളായി നമുക്കു മുൻപിലുണ്ട്. മീറ്ററുകളോളം ആഴത്തിൽ കുന്നുകൾ അരിഞ്ഞിറക്കി നിർമിച്ച റോഡുകൾ ജില്ലയിൽ ഒട്ടേറെയുണ്ട്. അടിക്കടി ഇവിടങ്ങളിൽ അപകടങ്ങൾ ഉണ്ടാകാറുമുണ്ട്. പതിവായി മണ്ണിടിച്ചിൽ ഉണ്ടാകാറുള്ളതോ ഇനിയുണ്ടാകാൻ സാധ്യതയുള്ളതോ ആയ സ്ഥലങ്ങളിൽ ചിലതെങ്കിലും അറിയുക. യാത്രകളിൽ ജാഗ്രത പാലിക്കാൻ ഇത് ഉപകരിക്കും.  

ഇടിയാൻ കാത്ത് 14 ഇടങ്ങൾ
കനത്ത മഴ ആരംഭിച്ചതോടെ മൂന്നാറിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽപ്പെട്ട ഹെഡ് വർക്സ് ഡാം മുതൽ റീജനൽ ഓഫിസ് കവല വരെ 14 ഇടങ്ങളിലാണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.  പൊലീസ് സ്റ്റേഷൻ മുതൽ സിഗ്നൽ പോയിന്റ് വരെയുള്ള പല ഭാഗത്തും ചെറുതും വലുതുമായ ഒട്ടേറെ മണ്ണിടിച്ചിലുകളുണ്ടായി. ഒരാഴ്ച മുൻപ് ഹെഡ് വർക്സ് ഡാമിനു താഴ്ഭാഗത്തായി രണ്ട് വലിയ പാറകൾ ദേശീയ പാതയിലേക്ക് അടർന്നു വീണിരുന്നു. ദേശീയപാതയുടെ വീതി കൂട്ടലിന്റെ ഭാഗമായി വ്യാപകമായി മലകൾ അരിഞ്ഞു മാറ്റിയതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പള്ളിവാസൽ മുതൽ ദേവികുളം വരെയുള്ള ഭാഗത്ത് യാത്ര ചെയ്യുന്നവർ ഏറെ ജാഗ്രത പാലിക്കണം

അപകടം പതിയിരിക്കുന്ന കെകെ റോഡ്
മഴയൊന്നു ശക്തമായി പെയ്താൽ മണ്ണിടിയും, മരം വീഴും, മലമുകളിൽ നിന്നു പാറക്കല്ലുകളും നിലം പൊത്തും. കോട്ടയം - കുമളി റോഡിൽ 35-ാം മൈൽ മുതൽ വണ്ടിപ്പെരിയാർ വരെ, കയറ്റിറക്കങ്ങളും കൊടു വളവുകളും നിറഞ്ഞ 37 കിലോമീറ്റർ ദൂരത്തിന്റെ അവസ്ഥയാണിത്. അമലഗിരി, പുല്ലുപാറ, കടുവാപ്പാറ, കുട്ടിക്കാനം, മത്തായി കൊക്ക എന്നിവിടങ്ങളിൽ എല്ലാം തന്നെ കാലവർഷക്കാലത്ത് ഗതാഗത തടസ്സം പതിവാണ്. മത്തായി കൊക്കയിൽ റോഡിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞ ദിവസം ഒലിച്ചു പോയിരുന്നു. ഇവിടെ ഏതു സമയത്തും മണ്ണിടിച്ചിൽ ഉണ്ടാകാം. വളഞ്ഞങ്ങാനം മുതൽ അമലഗിരി വരെയുള്ള ഭാഗങ്ങളിൽ മലമുകളിലെ പാറക്കല്ലുകൾ മണ്ണുമായി ബന്ധം വേർപെട്ടു നിൽക്കുന്നതായി ഭൗമ ശാസ്ത്രഞ്ജർ കണ്ടെത്തിയിരുന്നു. മഴ തുടർച്ചയായി പെയ്താൽ ഇവ അടർന്നു വീഴാം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ കുളമാവ് മുതൽ ചെറുതോണി വരെയുള്ള ഭാഗങ്ങളിൽ വഴിയോരത്തെ വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാണ്. ഇടുക്കി വന്യജീവി സങ്കേതത്തിനു നടുവിലൂടെ കടന്നു പോകുന്ന റോഡിൽ മഴക്കാലങ്ങളിൽ മരം വീഴ്ചയും ഗതാഗത തടസ്സവും പതിവാണ്. പോരാത്തതിനു ഈ ഭാഗത്ത് മണ്ണിടിച്ചിലിനും സാധ്യത ഏറെയുണ്ട്. ശക്തമായ മഴയുള്ള ദിവസങ്ങളിൽ ഈ റോഡിൽ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ഹൈറേഞ്ചിലെ പ്രധാന പാതകളിൽ ഒന്നായ അടിമാലി – കുമളി റോഡിലും മഴക്കാലങ്ങളിൽ അപകടം പതിയിരിക്കുന്നു. പാംബ്ല മുതൽ കട്ടപ്പന വരെയുള്ള ഭാഗങ്ങളിൽ റോഡിനു ഒരു ഭാഗത്ത് വൻ പാറക്കെട്ടുകളും കൂറ്റൻ മരങ്ങളും അപകട ഭീതി സൃഷ്ടിക്കുന്നു. 2018 ലെ മഹാപ്രളയകാലത്ത് ഈ റോഡിൽ പാറ വീണും മരം മറിഞ്ഞും മണ്ണിടിഞ്ഞും നിരന്തരം ഗതാഗത തടസ്സം ഉണ്ടായിരുന്നു.

നേര്യമംഗലം മുതൽ പാംബ്ല വരെയുള്ള ഭാഗങ്ങളിൽ റോഡിനു ഇരുവശത്തും അപകട ഭീതി ഉയർത്തി വൻമരങ്ങൾ ഉണ്ട്. വനമേഖലയിൽ മണ്ണിടിച്ചിലിനും പാറ വീഴ്ചയ്ക്കും സാധ്യതയുള്ള മേഖലകളും ഏറെയാണ്.

ഇവിടെ നിൽക്കരുത്, അപകടമാണ്
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ– പാലാ റോഡിൽ ചൂരപ്പട്ട ഭാഗത്തെ പാറക്കെട്ട് അപകട സാധ്യയുയർത്തുന്നു. നിർമാണ സമയത്ത് റോഡിലെ കയറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി മണ്ണും കല്ലും നീക്കം ചെയ്തതിന്റെ ബാക്കിപത്രമായാണ് റോഡരികിൽ വലിയ പാറക്കെട്ട് രൂപം കൊണ്ടത്. ഇതിനു മുകളിൽ അടർന്ന് താഴേക്ക് പതിക്കാറായ നിലയിൽ ഒട്ടേറെ പാറക്കല്ലുകൾ ഉണ്ട്.  200 മീറ്ററോളം നേരെ കിടക്കുന്ന റോഡ് താരതമ്യേന തിരക്കൊഴിഞ്ഞ ഭാഗമായതിനാൽ ഇവിടെ ആളുകൾ വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് പതിവാണ്. മുൻപ് ഇവിടെ കാറിനു മുകളിലേക്ക് പാറക്കല്ലുകളും മണ്ണും മരവും പതിച്ച് അപകടമുണ്ടായിട്ടുണ്ട്. വലിയ മഴയുള്ള സമയത്തും രാത്രിയുമെല്ലാം ഇവിടെ വാഹനങ്ങൾ നിർത്തിയിരിക്കുന്നത് കാണാം. മഴ തുടങ്ങിയതോടെ പാറക്കെട്ടിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഇതോടൊപ്പം കല്ലും മരങ്ങളും താഴേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണെന്നും  നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

വീട് കാണണമെങ്കിൽ നാടുകാണിയിൽ സൂക്ഷിക്കുക
മഴയിൽ നാടുകാണി മലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഇതുവഴി മഴക്കാല യാത്ര സൂക്ഷിക്കുക. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജിനു സമീപത്ത് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി. തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയിലാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. മഴയെത്തുന്നതോടെ ഇവിടെ കൂടുതൽ ഇടിയാനും ഹൈറേഞ്ചിലേക്കുള്ള യാത്ര തടസ്സപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ മാസം 10-ാം വളവു മുതൽ നാടുകാണി വരെ ഒട്ടേറെ സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായി. ഒരു കാർ മണ്ണിനുള്ളിൽ പെട്ടെങ്കിലും മണ്ണിടിഞ്ഞു വരുന്നത് കണ്ട് യാത്രക്കാർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതിനാൽ അപകടമുണ്ടായില്ല. ഇവയെല്ലാം താൽക്കാലികമായി നീക്കം ചെയ്തെങ്കിലും മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടി അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയായിട്ടില്ല. 

‘സംരക്ഷണ’മില്ലാത്ത ഭിത്തി
നിർമാണം നടക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-ചപ്പാത്ത് റൂട്ടിൽ ഒരാഴ്ച മുൻപ് രണ്ടിടത്തായി റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വെള്ളിലാംകണ്ടത്തിനു സമീപവും  സ്വരാജ് പെരിയോൻ കവലയ്ക്കു സമീപവുമാണ് മണ്ണിടിഞ്ഞു വീണത്. മഴവെള്ളം വീണു കുഴഞ്ഞ മണ്ണിലൂടെ കടന്നു പോകാൻ ശ്രമിച്ച ബസ് അപകടകരമായി തെന്നിമാറിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. വളരെ ഉയരത്തിൽ അരിഞ്ഞിറക്കിയ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ കാലതാമസം നേരിടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഉയരം കുറച്ചും ഇടവിട്ടും നിർമിക്കുന്ന ഭിത്തികൾ ആവശ്യമായ സംരക്ഷണം നൽകാൻ പര്യാപ്തമല്ലെന്ന് ജനങ്ങൾ പരാതി പറയുന്നു.

English Summary:

How Construction Activities Increase Landslide Threats in Idukki District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com