കാറ്റിലും മഴയിലും വീട് തകർന്നു; ആറംഗ കുടുംബം രക്ഷപ്പെട്ടു
Mail This Article
കഞ്ഞിക്കുഴി ∙ കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേലച്ചുവട്ടിൽ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന 6 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ചേലച്ചുവട് ചെമ്പകപ്പാറ മൂലയിൽ സിദ്ധാർഥന്റെ വീടാണു ശക്തമായ കാറ്റിലും മഴയിലും തകർന്നത്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
മൺകട്ടയിൽ നിർമിച്ചിരിക്കുന്ന വീടിന്റെ മുൻഭാഗം ഇടിയുന്ന ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന കുട്ടികൾ അടക്കമുള്ളവർ പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രി തന്നെ പ്രദേശവാസികൾ എത്തി ഇവരെ അയൽ വീട്ടിലേക്കു മാറ്റിപ്പാർപ്പിച്ചു. 2018 മുതൽ ലൈഫ് ഭവന പദ്ധതിയിൽ വീടിനു അപേക്ഷ നൽകിയിരുന്നെങ്കിലും കുടുംബത്തിന് വീട് ലഭിച്ചിരുന്നില്ല. സർക്കാരും ത്രിതല പഞ്ചായത്തുകളും അടിയന്തരമായി കുടുംബത്തിനു കെട്ടുറപ്പുള്ള വീട് നിർമിച്ചു നൽകാൻ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.