മഴ: നാലു ദിവസത്തിനിടെ ജില്ലയിൽ 1.07 കോടിയുടെ കൃഷിനാശം
Mail This Article
തൊടുപുഴ ∙ മടിച്ചുനിന്ന കാലവർഷം ശക്തമായത് കർഷകർക്കു ഉൾപ്പെടെ ഏറെ ആശ്വാസമായെങ്കിലും കൃഷിനാശവും ഉണ്ടായി. ജൂലൈ 28 മുതൽ 31 വരെ മഴയിലും കാറ്റിലും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച് ജില്ലയിൽ 1.07 കോടി രൂപയുടെ കൃഷി നശിച്ചു. മൊത്തം 117.28 ഹെക്ടറിൽ 675 കർഷകരുടെ കൃഷിയാണ് നശിച്ചത്. നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശം. 70.59 ലക്ഷം രൂപ. ഇവിടെ 100.23 ഹെക്ടർ കൃഷി നശിച്ചതായാണ് റിപ്പോർട്ട്.
ദേവികുളം ബ്ലോക്കിൽ 9.17 ഹെക്ടറിൽ 329 കർഷകർക്കായി 16.92 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. വാഴ, റബർ, കുരുമുളക്, ജാതി, ഏലം, മരച്ചീനി എന്നിവയാണു നശിച്ചതിൽ കൂടുതലും. 106.6 ഹെക്ടർ ഏലമാണു നശിച്ചത്. കുലച്ച 2555 വാഴയും കുലയ്ക്കാത്ത 159 വാഴയുമാണ് നശിച്ചു. കൂടാതെ തെങ്ങ്, കമുക്, കൊക്കോ, പച്ചക്കറി കൃഷികളും നശിച്ചിട്ടുണ്ട്. അടിമാലി ബ്ലോക്കിൽ 10.19 ലക്ഷം, ഇടുക്കി– 5.76, തൊടുപുഴ– 1.85, ഇളംദേശം–1.76, കട്ടപ്പന– 0.28 എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ കൃഷിനാശം.