‘എനിക്ക് എന്നോടുതന്നെ പറയണം പ്രായമായിട്ടില്ലെന്ന്’; പ്രായത്തെയും കശ്മീർ തടാകങ്ങളെയും ഒരുപോലെ തോൽപിച്ച് മിനി
Mail This Article
തൊടുപുഴ∙ ‘എനിക്ക് എന്നോടുതന്നെ പറയണം പ്രായമായിട്ടില്ലെന്ന്, പ്രായമായെന്ന് സ്വയം വിശ്വസിച്ചു നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങാൻ ഒരുങ്ങുന്നവർക്ക് കാണിച്ചു കൊടുക്കണം ഇനിയാണ് യാത്രകൾ തുടങ്ങേണ്ടതെന്ന്.’ 58–ാം വയസ്സിൽ അത്യന്തം കഠിനമായ കശ്മീർ ഗ്രേറ്റ് ലേക്ക്സ് ട്രെക്കിങ് വിജയകരമായി പൂർത്തീകരിച്ചു തിരിച്ചെത്തിയ മിനി അഗസ്റ്റിന് പറയാനുള്ളത് ഇതാണ്.
വയസ്സ് തന്റെ മുൻപിൽ വെറും അക്കമായി മാറിയിരിക്കുന്നുവെന്നും ആകാശത്തോളം ഉയരവും വിശാലമായ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഓരോന്നായി കയ്യെത്തി പിടിക്കാൻ ആത്മവിശ്വാസം വന്നിരിക്കുന്നുവെന്നും ഈ തൊടുപുഴക്കാരി പറയുന്നു. കശ്മീർ യാത്രയ്ക്കിറങ്ങിയ 9 അംഗ സംഘത്തിൽ 8 പേരും മുപ്പതിൽ താഴെ പ്രായമുള്ളവർ. അമ്മയും കുട്ടികളും കൂടി ഒരു യാത്ര പോകുന്ന ഫീൽ. ഓഗസ്റ്റ് 4ന് സോനാമാർഗിൽ നിന്ന് ആരംഭിച്ച ട്രെക്കിങ്, കിലോമീറ്ററുകളും ആയിരക്കണക്കിന് മീറ്റർ ഉയരങ്ങളും കാത്തുവച്ചിരുന്ന പ്രതിസന്ധികളുമെല്ലാം തരണം ചെയ്തു 6ന് 4200 മീറ്റർ ഉയരമുള്ള ലക്ഷ്യത്തിലെത്തി.
3500 മുതൽ 3800 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 7 തടാകങ്ങളുടെ ദർശനമാണ് ഗ്രേറ്റ് ലേക്സ് ട്രെക്കിങ്ങിന്റെ പ്രത്യേകത. ഹൈ ഓൾട്ടിറ്റ്യൂഡ് കാരണമുണ്ടാകാവുന്ന തലവേദന, ശ്വാസം മുട്ടൽ, ഛർദി, മൂക്കിൽ നിന്നുള്ള ബ്ലീഡിങ് തുടങ്ങിയവ ഉണ്ടായെങ്കിലും കൺമുന്നിൽ തെളിയുന്ന മഞ്ഞണിഞ്ഞ മലകളുടെയും നീലത്തടാകങ്ങളുടെയും കാഴ്ചകൾ എല്ലാ വേദനകളെയും നിഷ്പ്രഭമാക്കി.
51–ാം വയസ്സിലായിരുന്നു ആദ്യ ഹിമാലയൻ യാത്ര. ഇരുപതുകളുടെ ആരംഭത്തിൽ ബുള്ളറ്റിന്റെ ഹാൻഡിലിൽ പിടിപ്പിച്ച് സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചു തന്ന ഭർത്താവ് ബിജു പോൾ തന്നെയാണ് അൻപതുകളിൽ ‘ചേസ് യുവർ ഡ്രീംസ്’ എന്ന് തംപ്സ് അപ് ചെയ്ത് ബുള്ളറ്റിൽ ലഡാക്കിലേക്കു യാത്രയാക്കിയത്. യാത്ര പതിവാക്കാനായി 57–ാം വയസ്സിൽ കാനറ ബാങ്കിന്റെ മധുര സർക്കിൾ ഓഫിസിൽ നിന്ന് വിആർഎസ് എടുത്തു. ഇനിയും കീഴടക്കാൻ ബാക്കിയുള്ള ഉയരങ്ങളിലേക്കു നോക്കി പുഞ്ചിരിയോടെ നിൽക്കുകയാണ് മിനി. ഭർത്താവ് മുതലക്കോടം പൊട്ടൻപ്ലാക്കൽ ബിജു പോൾ സെൻട്രൽ ജിഎസ്ടി റിട്ട.ഉദ്യോഗസ്ഥൻ. ബെംഗളൂരുവിലെ ജോലികൾക്കിടയിൽ മകൻ കെവിനും കാനഡയിൽ നിന്ന് മകൾ ആൻ എലിസബത്തും അമ്മയുടെ യാത്രകൾക്ക് പിന്തുണ നൽകുന്നു.