നജാതീയ ഉന്നത് ഗ്രാമം പദ്ധതി: പ്രതീക്ഷയിൽ ഇടമലക്കുടി
Mail This Article
മൂന്നാർ∙ ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജനജാതീയ ഉന്നത് ഗ്രാമം പദ്ധതി പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി നിവാസികൾ. സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ 10 ശതമാനം പോലും ഇതുവരെ നടപ്പിലാകാത്ത പഞ്ചായത്താണ് ഇടമലക്കുടി. മുതുവാൻ സമുദായത്തിൽപെട്ട ഗോത്രവർഗക്കാരാണ് ആനമുടി വനത്തിനുള്ളിലെ ചെറുഗ്രാമമായ ഇടമലക്കുടിയിൽ കഴിയുന്നത്. 26 സെറ്റിൽമെന്റുകളിലുള്ള 856 വീടുകളിലായി 2,236 പേരാണ് ഈ പഞ്ചായത്തിലുള്ളത്. രാജമല പെട്ടിമുടിയിൽനിന്നു 17 കിലോമീറ്റർ ഉൾവനത്തിലാണ് ഇടമലക്കുടി സ്ഥിതി ചെയ്യുന്നത്.
ഭൂരിഭാഗം ആളുകളും താമസിക്കുന്നത് കാട്ടുമരങ്ങളുടെ കമ്പും മണ്ണും പുല്ലും ഉപയോഗിച്ച് നിർമിച്ച വീടുകളിലാണ്. സർക്കാർ ലൈഫ്മിഷൻ പദ്ധതി പ്രകാരം കുറച്ചു പേർക്ക് വീടുകൾ നിർമിക്കാൻ തുടങ്ങിയെങ്കിലും പൂർത്തീകരിച്ചിട്ടില്ല. സ്കൂൾ, ആശുപത്രി, വിവിധ സർക്കാർ ഓഫിസുകൾ എല്ലാം ഇടമലക്കുടിയിൽ ഉണ്ടെങ്കിലും ഇവയുടെ പ്രവർത്തനം അത്ര കാര്യക്ഷമമല്ല.
പെട്ടിമുടിയിൽനിന്നു പഞ്ചായത്താസ്ഥാനമായ സൊസൈറ്റി കുടിയിലേക്ക് കോൺക്രീറ്റ് റോഡ് നിർമാണം ആരംഭിച്ചെങ്കിലും മാസങ്ങളായി നിർമാണം നിലച്ചുകിടക്കുകയാണ്. വനത്തിനുള്ളിൽനിന്നു ശേഖരിക്കുന്ന വനവിഭവങ്ങളും ഏലം തുടങ്ങിയ കൃഷികളിൽനിന്നുള്ള വരുമാനവും തൊഴിലുറപ്പ് ജോലിയിൽനിന്നുള്ള വരുമാനവുമാണ് ഇടമലക്കുടിക്കാരുടെ പ്രധാന വരുമാനമാർഗം. ഗിരിജൻ സൊസൈറ്റി വഴി വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളും സ്വന്തമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും മാത്രമാണ് ഭക്ഷണം. 4 സെറ്റിൽമെന്റുകളിൽ മാത്രമാണ് വൈദ്യുതിയുള്ളത്.
സൊസൈറ്റി കുടിയിൽ മാത്രമാണ് മൊബൈൽ റേഞ്ചുളളത്. വിദൂര സെറ്റിൽമെന്റുകളിൽനിന്നു റോഡ് സൗകര്യങ്ങളില്ലാത്തതിനാൽ അടിയന്തര ഘട്ടങ്ങളിൽ രോഗബാധിതരെ ചുമന്നാണ് സൊസൈറ്റി കുടിയിലെത്തിച്ച്, അവിടെനിന്ന് ആംബുലൻസിൽ മൂന്നാറിലെ ആശുപത്രിയിലെത്തിക്കുന്നത്.
ഇത്രയും പിന്നാക്കാവസ്ഥയിൽ കഴിയുന്ന ഇടമലക്കുടിയുടെ വികസനങ്ങൾക്ക് ഇടനിലക്കാരെ ഒഴിവാക്കി ജനജാതീയ ഉന്നത് ഗ്രാം പദ്ധതി നടപ്പാക്കുന്നത് വഴി മികച്ച വികസന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗോത്രവർഗക്കാർ. രാജ്യത്തെ ഗോത്രവർഗക്കാരുടെ ഉന്നമനത്തിനായി 79,156 കോടി രൂപയുടെ വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. വീട്, റോഡ്, ഹോസ്റ്റലുകൾ, നൈപുണ്യവികസന കേന്ദ്രങ്ങൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്.