ADVERTISEMENT

മൂന്നാർ നിവാസികൾ ചോദിക്കുന്നു: ഞങ്ങൾക്ക് കന്നുകാലികളെ വളർത്തേണ്ടേ?
മൂന്നാർ∙ തോട്ടംമേഖലയിൽ കടുവകൾ കന്നുകാലികളെ കടിച്ചുകൊല്ലുന്നതു പതിവാകുന്നു. കടുവകളുടെ ആക്രമണം രൂക്ഷമായിട്ടും വനപാലകരും ജനപ്രതിനിധികളും ഇവയെ നിയന്ത്രിക്കാൻ ഒരു നടപടികളും സ്വീകരിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. കടുവകളുടെ ആക്രമണത്തിൽ കന്നുകാലികൾ വ്യാപകമായി നഷ്ടപ്പെടുന്നതിനാൽ തോട്ടംമേഖലയിലെ തൊഴിലാളികൾ കന്നുകാലി വളർത്തലിൽ നിന്നു പിൻവാങ്ങുകയാണിപ്പോൾ. 

    ഈ വർഷം 22 പശുക്കളെയാണ് കടുവ കടിച്ചുകൊന്നത്. തോട്ടംമേഖലയിൽ പാലുൽപാദനത്തിൽ വൻ കുറവുണ്ടായതായി ലക്ഷ്മി ക്ഷീരോൽപാദക സംഘം പ്രസിഡന്റ് ഐ.ഗുരുസ്വാമി, സെക്രട്ടറി പി.വിജയകുമാർ എന്നിവർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദിവസവും 700 മുതൽ 1000 ലീറ്റർ പാൽ കുറവ് വന്നതായി ഇവർ പറഞ്ഞു. നിലവിൽ 700 ക്ഷീരകർഷകരാണ് തോട്ടംമേഖലയിലുള്ളത്.

അടിമാലിക്കാർ ചോദിക്കുന്നു–കോടതി പറഞ്ഞാലും കേൾക്കില്ലേ ?
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിലൂടെ പോകുന്ന 14.5 കിമീ ദൂരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ ഹൈക്കോടതി ‍ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും പാലിക്കാതെ വനം, റവന്യു വകുപ്പുകൾ. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും എൻഎച്ച് സംരക്ഷണസമിതിയും രംഗത്ത്. 259 മരങ്ങളാണ് നേര്യമംഗലം വനമേഖലയിൽ അപകടാവസ്ഥയിൽ ഉണ്ട്. അപകടങ്ങൾ തുടർക്കഥ ആയതോടെ പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ ഉടൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് 2 മാസം മുൻപ് മുൻ ജില്ലാ കലക്ടർ മൂന്നാർ ഡിഎഫ്ഒയ്ക്ക് നൽകിയ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. 

    ഇതിൽ പ്രതിഷേധിച്ച് ഒക്ടോബർ 8ന് എൻഎച്ച് സംരക്ഷണ സമിതി  അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുമെന്നു ചെയർമാൻ പി.എം.ബേബി, എം.ബി.സൈനുദ്ദീൻ എന്നിവർ‍ പറഞ്ഞു. ഇതോടൊപ്പം അന്നേദിവസം ദേവികുളം താലൂക്കിൽ പണിമുടക്കും വാളറയിൽ നൂറുകണക്കിനു പ്രവർത്തകർ ദേശീയപാത ഉപരോധവും നടത്തും.

ആമ്പലൂർ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ.
ആമ്പലൂർ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ.

വണ്ടിപ്പെരിയാറിലെ തൊഴിലാളികൾ രംഗത്ത്; ഞങ്ങളുടെ ജീവന് വിലയില്ലേ ?
കുമളി∙ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ 63 -ാം മൈലിൽ കർഷകർ നിരാഹാര സമരം നടത്തി. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കുവെടി വച്ച് മാറ്റുക, കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കുപറ്റി ആശുപത്രിയിൽ കഴിയുന്ന സ്റ്റെല്ലയ്ക്ക് ന്യായമായ നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമര രംഗത്തിറങ്ങിയത്. ഹരിത കർഷക സംഘത്തിന്റെ പ്രസിഡന്റ് മാർട്ടിൻ കൊച്ചുപുരയ്ക്കൽ, വണ്ടിപ്പെരിയാർ പഞ്ചായത്ത് ആറാം വാർഡ് മെംബർ പ്രിയങ്ക മഹേഷ് എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.

   മുതിർന്ന കർഷകൻ ആന്റണി അലഞ്ചേരി സമരം ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപതാ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തുചേരിയിൽ സമരപ്പന്തൽ സന്ദർശിച്ചു. പെരിയാർ കടുവ സങ്കേതത്തോടു ചേർന്നു കിടക്കുന്ന തൊണ്ടിയാർ, മുല്ലയാർ, സ്പ്രിങ്‌വാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്‌. തൊണ്ടിയാറിൽ സ്ത്രീ തൊഴിലാളിയെ ആക്രമിച്ച കാട്ടുപോത്ത് ഏറെനാളായി ഈ മേഖലയിൽ ചുറ്റിത്തിരിയുന്നുണ്ട്.

നേര്യമംഗലം റാണിക്കല്ലിനു സമീപം രണ്ടാം മൈലിൽ പാതയുടെ 

മധ്യഭാഗത്തും വശത്തും നിൽക്കുന്ന മരങ്ങൾ.
നേര്യമംഗലം റാണിക്കല്ലിനു സമീപം രണ്ടാം മൈലിൽ പാതയുടെ മധ്യഭാഗത്തും വശത്തും നിൽക്കുന്ന മരങ്ങൾ.

മറയൂരിൽ കാട്ടാനപ്പേടിയിൽ ജനങ്ങൾ‌; ഞങ്ങൾക്ക് ഉറങ്ങേണ്ടേ?
മറയൂർ∙ ‘കാട്ടാനപ്പേടി കാരണം ഉറങ്ങാൻ പേടിയാണ്. വഴിയിൽ ഇറങ്ങി നടക്കാൻ പേടിയാണ്. ജോലിക്ക് പോകാൻ പേടിയാണ്. ഞങ്ങൾക്ക് ജീവിക്കണ്ടേ ?’– പകലും രാത്രിയും ഇടവിടാതെ കാട്ടാന ശല്യം രൂക്ഷമായിരിക്കുന്ന മറയൂരിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കർഷകർ. കഴിഞ്ഞ ദിവസങ്ങളിലായി പല തവണ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. എങ്കിലും ഫലം കണ്ടില്ല. കാട്ടാന ഇറങ്ങിയ വിവരം അറിയിച്ചപ്പോൾ ഡീസൽ ഇല്ല എന്ന മറുപടി ലഭിച്ചതിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. ഓണത്തിന് വൻ ലാഭം കൊയ്തിരുന്ന മറയൂരിലെ പച്ചക്കറി കർഷകർക്ക് ഇത്തവണ ലാഭമില്ലാതെ പോയതിന്റെ പ്രധാന കാരണങ്ങളിലൊന്നും കാട്ടാനശല്യമാണ്. മറയൂരിലെ ഗ്രാമങ്ങൾ വമ്പൻ പ്രതിഷേധങ്ങൾക്കു തയാറെടുക്കുകയാണ്. ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നാണു മുന്നറിയിപ്പ്. തങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഇവർ പറയുന്നു.

കരിമണ്ണൂർ നിവാസികൾക്ക് അറിയണം:റോഡ് പണിയാൻ രണ്ടുവർഷം പോരേ?
തൊടുപുഴ ∙ തൊമ്മൻകുത്ത് വിനോദ സഞ്ചാരകേന്ദ്രം വഴി പോകുന്ന കരിമണ്ണൂർ–നെയ്യശേരി –തോക്കുമ്പൻ – സാഡിൽ റോഡ് നിർമാണത്തിന്റെ പേരിൽ നാട്ടുകാർ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മുളപ്പുറം, തൊമ്മൻകുത്ത് ഭാഗങ്ങളിലെ വനമേഖലയിലൂടെ പോകുന്ന റോഡിന്റെ നിർമാണത്തിനിടെ വനംവകുപ്പിന്റെ തടസ്സവാദങ്ങൾ കാരണം പണികൾ പലഭാഗത്തും ഇഴയുകയാണ്.  പലഭാഗത്തും വെള്ളക്കെട്ടും കുഴികളും കാരണം യാത്ര  ദുഷ്കരമാണ്. 

    റോഡിൽ തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടിനീക്കാൻ സമ്മതിക്കാതെയും ചപ്പാത്തിനു പകരം പാലം നിർമാണം നടത്തുന്നതിനും വനംവകുപ്പ് തടസ്സം ഉന്നയിക്കുകയാണ്. 
 ഇതിനെതിരെ കരിമണ്ണൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ കോതമംഗലം ഡിഎഫ്ഒയ്ക്കു നിവേദനം നൽകി.

നടപടിയെടുക്കുമെന്ന് വനംവകുപ്പ്;  നിരാഹാരസമരം അവസാനിപ്പിച്ചു
കുമളി ∙ കർഷകർക്ക് ഉപദ്രവമായി മാറിയ കാട്ടുപോത്തിനെ തുരത്താൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെ  കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ 62–ാം മൈലിൽ നടന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 
സമരം ആരംഭിച്ചതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തേക്കടിയിൽ ആലോചനായോഗം ചേർന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ സമരപ്പന്തലിൽ എത്തി

സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നത് തടയുക, ട്രഞ്ചിന്റെ അറ്റകുറ്റപ്പണികൾ നടത്തുക, ഇനിയും ട്രെഞ്ച് നിർമിക്കാനുള്ള സ്ഥലങ്ങളിൽ അവ പൂർത്തീകരിക്കുക, കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്റ്റെല്ലയുടെ ആശുപത്രി ചെലവ് മുഴുവൻ വനംവകുപ്പ് വഹിക്കുക, ഏലത്തോട്ടത്തിൽ പണിയെടുക്കുന്നവർക്കു സംരക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക കൂട്ടായ്മ നേതാക്കൾ മുന്നോട്ട് വച്ചത്. 

ഈ ആവശ്യങ്ങൾ എല്ലാം പടിപടിയായി നടപ്പാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. തുടർന്ന് നിർമാണം നടത്തേണ്ട സ്ഥലങ്ങളും വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സന്ദർശിച്ച് മനസ്സിലാക്കി.

English Summary:

This article highlights the growing frustration and fear among residents in various parts of Kerala due to inaction by authorities in addressing critical issues related to wildlife conflicts. From tiger attacks on livestock in Munnar to dangerous trees along the National Highway in Adimaly, wild buffalo attacks in Vandiperiyar, elephant menace in Marayoor, and stalled road construction in Karimannur, communities are demanding immediate action and solutions to ensure their safety and well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com