അലഞ്ഞുതിരിഞ്ഞ് കന്നുകാലികൾ; ‘പിടിച്ചുകെട്ടാതെ’ പഞ്ചായത്ത്
Mail This Article
പീരുമേട് ∙ ഗതാഗത തടസ്സവും അപകടവും സൃഷ്ടിക്കുന്ന തരത്തിൽ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയശേഷം ഉടമകളിൽനിന്നു പിഴ ഈടാക്കുമെന്ന പീരുമേട് പഞ്ചായത്തിന്റെ പ്രഖ്യാപനം പാഴായി.
റോഡിൽ ശല്യം സൃഷ്ടിക്കുന്ന കാലികളെ പഞ്ചായത്ത് പൗണ്ടിൽ (പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്) പിടിച്ചു സൂക്ഷിച്ചശേഷം, പുല്ലും വെള്ളവും ഉൾപ്പെടെ നൽകി സംരക്ഷിക്കും. തുടർന്ന് ഉടമകൾ എത്തിയാൽ പിഴ തുക ഈടാക്കി കാലികളെ തിരികെ വിട്ടുനൽകുമെന്നായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. എന്നാൽ ഈ തീരുമാനത്തിനും തുടർ നടപടികൾക്കും ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
പഞ്ചായത്ത് നടപടികളിൽനിന്നു പിൻവാങ്ങിയതോടെ കന്നുകാലികളെ മേയാൻ അഴിച്ചുവിടുന്നതു വീണ്ടും സജീവമായി. കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ റോഡിൽ കിടക്കുന്ന കാലികൾ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിലാകുന്നത്.
കന്നുകാലികൾ റോഡിൽ നടത്തുന്ന വിസർജ്യത്തിൽ ചവിട്ടി രാത്രി കാലങ്ങളിൽ കാൽനടയാത്രക്കാർ വീഴുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
പീരുമേട്, പാമ്പനാർ, പള്ളിക്കുന്ന്, കുട്ടിക്കാനം തുടങ്ങിയ പ്രധാന ജംക്‌ഷനുകളിൽ എല്ലാം തന്നെ രാപകൽ വ്യത്യാസമില്ലാതെ കന്നുകാലികളെ റോഡിൽ കാണാം. റോഡിൽനിന്നു രാത്രി ഉയരുന്ന ചൂട് ലഭിക്കുന്നതിനാൽ പശുക്കൾ ഇവിടെ കിടക്കുന്നതാണ് പതിവ്. വാഹനം വളരെ അടുത്ത് എത്തി കഴിഞ്ഞാൽ മാത്രമേ ഇവ റോഡിൽ കിടക്കുന്നത് കാണുന്നതിനു കഴിയൂ എന്ന് ഡ്രൈവർമാർ പറയുന്നു.
ഉച്ചത്തിൽ ഹോൺ മുഴക്കി ശബ്ദം സൃഷ്ടിച്ചാൽ പോലും കാലികൾ റോഡിൽനിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കാത്തത് വാഹനങ്ങൾ കടന്നുപോകുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കന്നുകാലി മോഷ്ടാക്കൾ സജീവം
മേയാൻ അഴിച്ചു വിടുന്ന കന്നുകാലികളെ മോഷ്ടിച്ചു കടത്തുന്ന സംഘങ്ങളും സജീവം. വാഹനങ്ങളിൽ എത്തി കന്നുകാലികളെ പിടിച്ചുകെട്ടി കടത്തിക്കൊണ്ടു പോകുന്നതാണ് പതിവ്. മൊട്ടക്കുന്നുകൾ, പുൽമേടുകൾ, സമാന്തര റോഡുകൾ എന്നിവിടങ്ങളിൽ മേഞ്ഞ ശേഷം വിശ്രമിക്കുന്ന കാലികളെയാണ് കൂടുതലായി മോഷ്ടാക്കൾ പിടിക്കുന്നത്. കഴിഞ്ഞയിടെ വാഗമണ്ണിൽനിന്നു കന്നുകാലി മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയിരുന്നു. മോഷണം നടന്നു നാളുകൾക്ക് ശേഷമാണ് ഉടമകൾ തങ്ങളുടെ ഉരു നഷ്ടപ്പെട്ട വിവരം മിക്കപ്പോഴും അറിയുക. ഇതിനാൽ തന്നെ പൊലീസിൽ പരാതിയും അന്വേഷണവും ഉണ്ടാകുന്നില്ല. കന്നുകാലികളെ പിടിച്ചു കൊണ്ടു പോകുന്നതും പൊലീസിന്റെയോ പ്രദേശവാസികളുടെയും ശ്രദ്ധയിൽപെട്ടാൽ മാത്രമാണ് കള്ളന്മാർ പിടിയിലാകുന്നത്.