അധികൃതരുടെ കെടുകാര്യസ്ഥതയും ധൂർത്തും; ഫേമസ് ബേക്കറി വീണ്ടും അടച്ചുപൂട്ടി
Mail This Article
കുഞ്ചിത്തണ്ണി∙ ബൈസൺവാലി പഞ്ചായത്ത് സിഡിഎസ് നടത്തിയിരുന്ന ഫേമസ് ബേക്കറി വീണ്ടും അടച്ചുപൂട്ടി. കെടുകാര്യസ്ഥതയും വൻ സാമ്പത്തിക ബാധ്യതയും മൂലമാണ് ബേക്കറി അടച്ചുപൂട്ടിയത്. 2013ൽ ആണ് ബൈസൺവാലി പഞ്ചായത്തിലെ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്തിന് സമീപത്ത് ഫേമസ് ബേക്കറി പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് ബേക്കറിക്ക് വേണ്ടി 80 ലക്ഷം രൂപ മുടക്കി കെട്ടിടം നിർമിച്ചു നൽകി. ഗുണനിലവാരമുള്ള ബേക്കറി ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ച് ഫേമസ് ബേക്കറി പിന്നീട് ജില്ലയിലെ ഏറ്റവും നല്ല ബേക്കറികളിൽ ഒന്നായി മാറി.
2018 ലെ കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും കരസ്ഥമാക്കി. എന്നാൽ പിന്നീട് അധികൃതരുടെ കെടുകാര്യസ്ഥതയും ധൂർത്തും മൂലം ബേക്കറി അടച്ചുപൂട്ടേണ്ടി വന്നു. വിവിധ ബാങ്കുകളിലായി ഒരു കോടി രൂപയിലധികം ബാധ്യത ബേക്കറിക്കുണ്ട്. കൂടാതെ പൊട്ടൻകാട് സർവീസ് സഹകരണ ബാങ്കിൽ 20 കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ 63,000 രൂപ വീതം വായ്പയെടുത്തിട്ടുണ്ട്. ഈ കുടുംബശ്രീ പ്രവർത്തകരെയാണ് ഇവിടെ ജീവനക്കാരായി നിയമിച്ചിരുന്നത്. ബേക്കറി അടച്ചുപൂട്ടിയതോടെ ഈ തുകയടച്ചു തീർക്കേണ്ട ബാധ്യത കുടുംബശ്രീ അംഗങ്ങൾക്കായി.
കൂടാതെ മൈദ, പഞ്ചസാര പോലെയുള്ള പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ഇരുപതേക്കർ, ആനച്ചാൽ, അടിമാലി എന്നിവിടങ്ങളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ലക്ഷങ്ങൾ വ്യാപാരികൾക്ക് നൽകാനുണ്ട്. ഇരുപതിലധികം സ്ത്രീകൾക്ക് ജോലിയും വരുമാനം നൽകുകയും ഗുണനിലവാരമുള്ള ബേക്കറി ഉൽപന്നങ്ങൾ നിൽക്കുകയും ചെയ്തിരുന്ന ഈ സ്ഥാപനം തകർത്തതിന് പിന്നിൽ നടത്തിപ്പുകാരുടെ അഴിമതിയാണെന്നും വിജിലൻസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഒരു വർഷം മുൻപ് ഈ ബേക്കറി പൂട്ടിയിരുന്നെങ്കിലും പിന്നീട് 10,000 രൂപ മാസ വാടകയ്ക്ക് ഒരു സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്നു. തുടർന്ന് പുതിയ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ ഒരു വിഭാഗം കുടുംബശ്രീ പ്രവർത്തകരെ തന്നെ ഇതിന്റെ നടത്തിപ്പ് ചുമതല ഏൽപിച്ചു. എന്നാൽ സിഡിഎസും പഞ്ചായത്തും ബേക്കറി നടത്തിപ്പുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലം കഴിഞ്ഞയാഴ്ച ബേക്കറി വീണ്ടും അടച്ചുപൂട്ടി.