ADVERTISEMENT

നെടുങ്കണ്ടം∙ ജില്ലാ സഹോദയ സിബിഎസ്ഇ കലോത്സവം ‘വിരുന്ന് 2കെ24’ന് വർണാഭ തുടക്കം. തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളിലാണ് മത്സരങ്ങൾ. എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ലിറ്റി ഉപ്പുമാക്കൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി സഹോദയ പ്രസിഡന്റ്‌ ഫാ.ബിജോയ്‌ സ്കറിയ അധ്യക്ഷത വഹിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ കേഥാർനാഥും കാത്തുവും ഗാനങ്ങൾ ആലപിച്ചു.

തൂക്കുപാലം വിജയമാതാ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബീന എസ്എബിഎസ്, ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തെക്കേൽ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 33 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ നാല് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. 15 വേദികളിലായാണ് മത്സരങ്ങൾ.

മോഹിനിയാട്ടത്തിൽ മികവ് കാട്ടി എലൈൻറോസ്
നെടുങ്കണ്ടം ∙ തുടർച്ചയായ നാലാം തവണയും മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം എലൈൻറോസ് ട്രീസ സിറിയകിന്. ഡിപോൾ പബ്ലിക് സ്കൂൾ രാജമുടിയിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയായ എലൈൻറോസ് എ ഗ്രേഡോടെയാണ് ഇത്തവണയും മോഹിനിയാട്ടത്തിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ നാല് തവണയും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടിയിരുന്നു. 

എലൈൻറോസ് ട്രീസ സിറിയക്.
എലൈൻറോസ് ട്രീസ സിറിയക്.

ചെറിയ പ്രായത്തിൽ തന്നെ നൃത്തം അഭ്യസിക്കുന്ന എലൈൻറോസ് നാടോടിനൃത്തത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ തുടർച്ചയായി രണ്ടാം സ്ഥാനവും നേടുന്നു. കുച്ചുപ്പിഡിയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പാറമുണ്ടയിൽ സിറിയക്-ജിനി ദമ്പതികളുടെ മകളാണ്. കലാജ്യോതി സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് - അമ്പിളി സാബുവാണ് ഗുരു.

ഇന്നത്തെ പ്രധാന മത്സരങ്ങൾ 
സ്റ്റേജ് 1- ഇംഗ്ലിഷ് സ്കിറ്റ്, ഗ്രൂപ്പ്‌ ഡാൻസ്
സ്റ്റേജ് 2- ഒപ്പന, കോൽക്കളി, മാർഗംകളി.
സ്റ്റേജ് 3- ഭരതനാട്യം

അമിസ് എന്ന അപൂർവ പ്രതിഭ
നെടുങ്കണ്ടം ∙ അമിസ് വരച്ചെടുത്ത വിജയം. കാറ്റഗറി-4ൽ (ഹയർ സെക്കൻഡറി വിഭാഗം) ഏറ്റവുമധികം പോയിന്റുകൾ നേടിയത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയായ മച്ചിപ്ലാവ് സ്വദേശി തേവർമഠത്തിൽ അമിസ് തമ്പിയാണ്. ഇത്തവണ മത്സരിച്ച നാലിനങ്ങളിൽ മൂന്നിലും അമിസിനാണ് ഒന്നാം സ്ഥാനം. ചിത്രരചന-പെൻസിൽ, ജലച്ചായം, ഓയിൽ എന്നിവയിൽ എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം.

അമിസ് തമ്പി
അമിസ് തമ്പി

നാലാമത്തെ ഇനമായ കോളാഷിനും എ ഗ്രേഡ് ലഭിച്ചതോടെ 35 പോയിന്റുകൾ അമിസ് നേടി. കഴിഞ്ഞ വർഷവും പെൻസിൽ, ഓയിൽ, ഡിജിറ്റൽ ചിത്രരചനകളിലും കൊളാഷിലും ഒന്നാം സ്ഥാനവും ജലച്ചായത്തിനു രണ്ടാം സ്ഥാനവും നേടി സംസ്ഥാന സഹോദയ കലോത്സവത്തിൽ അമിസ് പങ്കെടുത്തിരുന്നു.

എല്ലാ ഇനത്തിലും എ ഗ്രേഡും സ്വന്തമാക്കി. കൂടാതെ ഹൈസ്കൂൾ തലത്തിൽ സംസ്ഥാന തല ക്ലേ മോഡലിങ്ങിലും മുൻപ് പങ്കെടുത്തിട്ടുണ്ട്. റിട്ട.അധ്യാപകൻ തമ്പി ജോർജ്- അടിമാലി ഗവ.ഹൈസ്കൂൾ അധ്യാപിക സി.കെ.സിന്ധു ദമ്പതികളുടെ മകനാണ്. വൈക്കം പ്രസാദ്, സുരേഷ് രാമൻ എന്നിവരുടെ കീഴിലാണ് അമിസിന്റെ പരിശീലനം.

പോയിന്റ് നില
1. വിജയമാതാ പബ്ലിക് സ്കൂൾ തൂക്കുപാലം - 539
2. മോണ്ട് ഫോർട്ട്‌ സ്കൂൾ അണക്കര - 491
3. വിശ്വദീപ്തി പബ്ലിക് സ്കൂൾ അടിമാലി - 448

English Summary:

The highly anticipated 'Virunnu 2K24', the District Sahodaya CBSE Kalotsavam, commenced with great fanfare at Vijayamatha Public School, Thookkupalam. Social media sensations Ketharnadh and Kathu captivated the audience with their performance. Over two thousand students from 33 schools will compete across 15 venues in a variety of categories.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com