മുല്ലപ്പെരിയാർ അണക്കെട്ട് കമ്മിഷൻ ചെയ്തിട്ട് ഇന്ന് 129 വർഷം
Mail This Article
ഉപ്പുതറ ∙ മുല്ലപ്പെരിയാർ അണക്കെട്ട് കമ്മിഷൻ ചെയ്തിട്ട് ഇന്ന് 129 വർഷം തികയുന്ന സാഹചര്യത്തിൽ, ആശങ്കയിൽ കഴിയുന്ന ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രശ്ന പരിഹാരത്തിനു ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമര സമിതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സെൻട്രൽ ജല കമ്മിഷനും മേൽനോട്ട സമിതിക്കും നിവേദനം നൽകി. കേന്ദ്ര ജല കമ്മിഷന്റെ 2024ലെ സെപ്റ്റംബർ രണ്ടിലെ നിർദേശം അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 12 മാസത്തിനുള്ളിൽ പൂർത്തിയാക്കുക, പരിശോധനയ്ക്ക് രാജ്യാന്തരതലത്തിൽ പ്രഗല്ഭരെ നിയോഗിക്കുക, പരിശോധനാ ഫലം നിർണായകമായതിനാൽ അതിന്റെ ടൈംസ് ഓഫ് റഫറൻസ് പരിശോധനാ വിഷയങ്ങൾ തീരുമാനിക്കുന്നതിൽ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലവും എന്ന നിലപാടിൽ ഊന്നിയായിരിക്കണം പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അണക്കെട്ട് കമ്മിഷൻ ചെയ്ത് 129 വർഷം തികയുന്ന ഇന്ന് വൈകിട്ട് ആറിന് ഉപ്പുതറയിൽ അടക്കം സംസ്ഥാനത്തെ 129 കേന്ദ്രങ്ങളിൽ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതീക്ഷാ ജ്വാല തെളിക്കുമെന്ന് സമിതി ഭാരവാഹികളായ ഷാജി പി.ജോസഫ്, സിബി മൂത്തുമാക്കുഴി, സ്റ്റീഫൻ ഐസക്, പി.ഡി.ജോസഫ് എന്നിവർ പറഞ്ഞു.