ആനത്താര ബോർഡുകൾ സ്ഥാപിച്ച് വനംവകുപ്പ്; പ്രതിഷേധം ശക്തം
Mail This Article
അടിമാലി ∙ കല്ലാർ– മാങ്കുളം റോഡിൽ പലയിടങ്ങളിലും ആനത്താര ബോർഡ് സ്ഥാപിച്ച് വനംവകുപ്പ്. വനഭൂമിയില്ലാത്ത സ്ഥലങ്ങളിലാണ് ബോർഡുകൾ കൂടുതലായി സ്ഥാപിച്ചിരിക്കുന്നത്. ബോർഡുകൾ സ്ഥാപിച്ച മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ അധികൃതരുടെ നടപടികൾക്ക് എതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിരിപാറ മുതൽ മുനിപാറ വരെയുള്ള റോഡരികിലാണ് കൂടുതൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
മാങ്കുളം ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വനമേഖലയിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് എത്തുന്ന കാട്ടാനകളെ തുരത്താൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കൃഷിയിടങ്ങൾ ആനത്താരയാണെന്നു കാണിച്ചുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വനമേഖലയും ജനവാസ മേഖലയും വേർതിരിക്കാൻ സോളർ വേലി സ്ഥാപിച്ച് വന്യമൃഗ ശല്യം തടയണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാതെയുള്ള കർഷക വിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുന്ന വനംവകുപ്പ് നടപടിക്ക് എതിരെ മാങ്കുളത്ത് പ്രതിഷേധം ശക്തമാകുകയാണ്.