ADVERTISEMENT

വാഗമൺ ∙ കനത്ത മഴയ്ക്കു പിന്നാലെ ഏലപ്പാറ–വാഗമൺ റോഡ് കുളമായി. കുഴികളിലെ വെള്ളത്തിൽ ചാടിയുളള യാത്രമൂലം സഞ്ചാരികൾ വലഞ്ഞു. 8 മാസം മുൻപ് 2 കോടി രൂപ ചെലവഴിച്ചു നിർമിച്ച റോഡിന്റെ അവസ്ഥയാണിത്. വാഗമൺ മുതൽ ഏലപ്പാറ വരെയുളള 18 കിലോമീറ്റർ ദൂരവും റോഡ് തകർന്നു കഴിഞ്ഞു. എങ്ങും ടാറിങ് ഇളകിമാറി കിടക്കുന്നതാണ് കാഴ്ച. ഭൂരിപക്ഷം പ്രദേശങ്ങളിൽ കുഴികൾ കാണാം. തുടർച്ചയായ മഴയെ തുടർന്ന് കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. പൂജാ ദിനങ്ങളിൽ ലഭിച്ച അവധി ആഘോഷിക്കാൻ ജില്ലയിൽ എത്തിയ വിനോദസ‍ഞ്ചാരികളിൽ ഏറ്റവും ക‌ൂടുതൽ പേർ സന്ദർശനം നടത്തിയത് വാഗമണ്ണിലാണെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകളിൽ പറയുന്നു. 

മൊട്ടക്കുന്ന്, ഗ്ലാസ് ബ്രിജ്, പൈൻവാലി, ഓർക്കിഡോറിയം എന്നിവിടങ്ങളിൽ എത്തിയ സഞ്ചാരികളിൽ എല്ലാം തന്നെ സഞ്ചരിച്ചത് തകർന്നുകിടക്കുന്ന ഈ റോഡിൽ കൂടിയായിരുന്നു. ടാറിങ് നടത്തി ദിവസങ്ങൾ പിന്നിടുന്നതിനു മുൻപ് വെടിക്കുഴിയിൽ റോഡ് പൊളിഞ്ഞു. പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ കൊണ്ടു വീണ്ടും ടാറിങ് നടത്തിച്ചു. എന്നാൽ ഇതിനു ദിവസങ്ങൾ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുളളൂ. റോഡിന്റെ വീതിക്കുറവുമൂലം നല്ലതണ്ണി മുതൽ വാഗമൺ വരെ നേരത്തേ മുതൽ ഗതാഗതക്കുരുക്ക് പതിവാണ്. മണിക്കുറൂകളോളം സ‍ഞ്ചാരികൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ്. ഇതിനൊപ്പം റോഡിൽ കുഴികൾകൂടി ആയതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. 

ഇതിനിടെ വാഗമൺ – ഏലപ്പാറ റോഡ് നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ചു വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അംഗം ജി.ബാബു പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

English Summary:

Just eight months after its inauguration, the Vagamon-Elappara road in Kerala has been severely damaged by heavy rainfall, causing major inconvenience to tourists visiting the popular hill station.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com