ADVERTISEMENT

ഉപ്പുതറ ∙ സ്കൂളിൽ നിന്ന് കൊച്ചുമകളെ കൂട്ടാൻ പോയ വയോധികൻ ഒറ്റയാന്റെ മുന്നിൽപെട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിക്കവേ വീണു സാരമായ പരുക്ക്. കണ്ണംപടി കൊല്ലത്തിക്കാവ് പുന്നയ്ക്കൽ കുഞ്ഞുകൃഷ്ണന്(61) ആണു പരുക്കേറ്റത്. ഇരുകാലുകൾക്കും സാരമായി പരുക്കേറ്റിട്ടും ഓടിമാറിയതിനാലാണ് ആനയുടെ മുന്നിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 4.15ന്  മെംബർകവലയ്ക്കു സമീപത്തെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിനടുത്തായിരുന്നു സംഭവം. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്എസ്എസിൽ പഠിക്കുന്ന കൊച്ചുമക്കളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു ഇദ്ദേഹം.

നേരം ഇരുട്ടിയപ്പോൾ തന്നെ നാട്ടുകാർ കീഴാന്തൂർ റോഡരികിൽ എത്തി ആന വരാൻ സാധ്യതയുള്ള സ്ഥലത്ത് തീകൂട്ടുന്നു.
നേരം ഇരുട്ടിയപ്പോൾ തന്നെ നാട്ടുകാർ കീഴാന്തൂർ റോഡരികിൽ എത്തി ആന വരാൻ സാധ്യതയുള്ള സ്ഥലത്ത് തീകൂട്ടുന്നു.

ഉപ്പുതറ-കിഴുകാനം റോഡിൽ നിൽക്കുകയായിരുന്ന ഒറ്റയാന്റെ മുൻപിലേക്കാണ് ഇദ്ദേഹം എത്തിയത്. രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണു പരുക്കേറ്റു. എന്നാൽ ആന പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി മരങ്ങൾ കൂടുതലുള്ള മേഖലയിലേക്ക് ഓടിക്കയറിയാണ് ജീവൻ രക്ഷിച്ചത്. ആന പോയെന്ന് ഉറപ്പാക്കിയശേഷം ചെക്ക്‌പോസ്റ്റിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗാർഡുമാർ അറിയിച്ചതനുസരിച്ച് കിഴുകാനം സെക്‌ഷൻ ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി ആയാൽ ആളുകൾ ഉറങ്ങാതെ ഭീതിയോടെ ഇരിക്കുന്ന ഒരു ഗ്രാമത്തിന്റെ വിവിധ കാഴ്ചകളാണിത്. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ കാട്ടാനകൾ വിഹരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. രാത്രി ആയാൽ ആനകൾ കൃഷിത്തോട്ടങ്ങളിലേക്ക് ഇറങ്ങും. കമുക്, വാഴ എന്നിവ പൂർണമായി നശിപ്പിക്കും. രാത്രിയെത്തുന്ന കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിച്ച് പുലരും വരെ അവിടെ തുടരും. തുടർന്ന് സമീപത്തെ ഗ്രാൻഡിസ് തോട്ടങ്ങളിലേക്കു മാറും. പൊറുതിമുട്ടിയ നാട്ടുകാർ ഇപ്പോൾ ഉറക്കം പോലും ഉപേക്ഷിച്ച് അവരുടെ ഏക ഉപജീവനമായ കൃഷി സംരക്ഷിക്കാനായി ഇറങ്ങിയിരിക്കുകയാണ്. കാന്തല്ലൂർ പഞ്ചായത്തിലെ കീഴാന്തൂരിലെ കർഷകരാണ് ജീവൻ പണയം വച്ച് ആനയെ തുരത്താൻ ഇറങ്ങിയിരിക്കുന്നത്. ഇരുട്ടു വീണാലുടൻ അവർ ആനത്താരയ്ക്ക് സമീപമിറങ്ങി തീകൂട്ടിയും പടക്കം പൊട്ടിച്ചും ആനകളെ തുരത്തി പുലരും വരെ ഉണർന്നിരിക്കും. ഉപജീവനമല്ലേ ഉണർന്നിരിക്കാതെ നിവർത്തിയില്ല. കീഴാന്തൂരിൽ കാട്ടാനകൾ ഉറക്കം കെടുത്തിയ ചില കർഷകരുടെ കാഴ്ചകൾ.

കൃഷിയിടത്തിനു സമീപം കാട്ടാന വന്നതറിഞ്ഞ് ഇരുട്ടത്ത് ആനത്താരയിലേക്ക് ടോർച്ചടിച്ചു നോക്കുന്ന കർഷകർ.
കൃഷിയിടത്തിനു സമീപം കാട്ടാന വന്നതറിഞ്ഞ് ഇരുട്ടത്ത് ആനത്താരയിലേക്ക് ടോർച്ചടിച്ചു നോക്കുന്ന കർഷകർ.
English Summary:

This article sheds light on the plight of villagers in Kerala who are facing increasing conflicts with wild elephants. The nightly crop raids are threatening their livelihood, forcing them to risk their lives to protect their farms. The article also covers a recent incident where an elderly man was injured in a close encounter with a wild elephant.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com