ADVERTISEMENT

മൂന്നാർ ∙ വട്ടവടയിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഭൂവിഷയങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സെറ്റിൽമെന്റ് ഓഫിസറായ ദേവികുളം സബ് കലക്ടർ. കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വട്ടവട ഭൂസംരക്ഷണ സമിതി ഭാരവാഹികൾ റവന്യുമന്ത്രിക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് സെറ്റിൽമെന്റ് ഓഫിസറായ സബ് കലക്ടർ വിഷയത്തിൽ ഇടപെട്ടത്. 

ഭൂപ്രശ്നത്തിൽ വിവിധങ്ങളായ നിയമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയെങ്കിലും ലഭ്യമായില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് പട്ടയ വസ്തുക്കൾ ഒഴികെയുള്ള വിജ്ഞാപനത്തിൽ പെട്ട ഭൂമി അളന്നു തിരിച്ച് അടിയന്തരമായി പ്രശ്ന പരിഹാരമുണ്ടാക്കുമെന്നുമാണ് സബ് കലക്ടർ വി.എം.ജയകൃഷ്ണൻ രേഖാമൂലം ഭൂസംരക്ഷണ സമിതിക്ക് ഉറപ്പു നൽകിയത്.

വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62, കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58 എന്നിവയിൽപെട്ട പട്ടയഭൂമി ഒഴിവാക്കിയുള്ള 3200 ഹെക്ടർ ഭൂമിയാണ് നീലക്കുറിഞ്ഞി ഉദ്യാനമാക്കാൻ സർക്കാർ 2006ൽ വിജ്ഞാപനമിറക്കിയത്. വിജ്ഞാപനമിറക്കിയ പ്രദേശത്തെ ജനങ്ങളുടെ ഭൂമിയിലെ അവകാശങ്ങൾ പരിശോധിക്കാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുമായി ദേവികുളം ആർഡിഒയെ സെറ്റിൽമെന്റ് ഓഫിസറായി നിയമിച്ചിരുന്നു.

എന്നാൽ, വിജ്ഞാപനമിറക്കിയ ശേഷം മേഖലയിലെ ജനങ്ങളുടെ പട്ടയ വസ്തുക്കൾ അളന്നു തിട്ടപ്പെടുത്താത്തതു കാരണം വനം വകുപ്പും പ്രദേശവാസികളുമായുള്ള തർക്കം പതിവാണ്. പട്ടയ വസ്തുവിലെ മരങ്ങൾ മുറിക്കുന്നതിന് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും വനംവകുപ്പ് തടസവാദങ്ങളുമായി എത്തുന്നത് പതിവായതോടെയാണ് നാട്ടുകാർ പരാതികളുമായി രംഗത്തിറങ്ങിയത്. എന്നാൽ സെറ്റിൽമെന്റ് ഓഫിസറുടെ ഈ ഉറപ്പിലും യാതൊരു പ്രതീക്ഷയുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

English Summary:

The proposed Neelakurinji Garden in Vattavada faces ongoing land disputes between locals and the Forest Department. The Devikulam Sub Collector, acting as Settlement Officer, assures prompt action after receiving legal advice. Locals, however, remain skeptical due to past experiences with the Forest Department challenging their land rights.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com