ADVERTISEMENT

ചെറുതോണി ∙ ജില്ലയിൽ എല്ലായിടത്തും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിന്റെ നാലാം നൂറു ദിന പരിപാടിയുടെ ഭാഗമായി ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് പഞ്ചായത്തിൽ പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം തടിയമ്പാട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 54 ശതമാനം ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞു. ആകെ എഴുപത് ലക്ഷത്തി എൺപത്തയ്യായിരം ഗ്രാമീണ ഭവനങ്ങളാണു കേരളത്തിലുള്ളത്. കൃഷിയിടങ്ങളെയും തൊഴിലിടങ്ങളെയും സംരക്ഷിച്ചു കൊണ്ടുള്ള ഭൂപരിഷ്കരണ നിയമമാവും സംസ്ഥാനത്ത് രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ജലനിധി പദ്ധതി പ്രകാരം 39.5 ലക്ഷം രൂപ ചെലവഴിച്ചാണ് വാഴത്തോപ്പ് പഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ നിർമിച്ചത്. 

പരിപാടിയിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായിരുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജലനിധി ഗവേണിങ് കൗൺസിൽ അംഗങ്ങളായ ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, പഞ്ചായത്തംഗം സെലിൻ വിൽസൺ എന്നിവർ പ്രസംഗിച്ചു. ജലനിധി റീജനൽ പ്രോജക്ട് ഡയറക്ടർ കെ.കെ.ബിജുമോൻ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ ആസ്ഥാനത്ത് നിന്ന് അന്തർ സംസ്ഥാന സർവീസ്
അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലാ ആസ്ഥാനത്തു നിന്ന് അന്തർ ജില്ലാ സർവീസുകൾ ആരംഭിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. ചെറുതോണി ബസ് സ്റ്റാൻഡ് നിർമാണത്തിന് അധികമായി ആവശ്യമുള്ള 20 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് നൽകും. 

മോട്ടർ വാഹന വകുപ്പ് നിർദേശിച്ചിട്ടുള്ള അധിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്തും വാഴത്തോപ്പ് പഞ്ചായത്തും തനത് ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കുകയും ടെൻഡർ നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി യൂണിറ്റ് ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ ഗ്രാമീണ മേഖലകളിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിക്കാനും അതുവഴി ഗ്രാമീണ ജനതയുടെ ഗതാഗത പ്രശ്നങ്ങൾക്ക് അറുതി വരുത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

English Summary:

This article details Minister Roshi Augustine's announcements regarding water resource management and development initiatives in Idukki district, Kerala. The focus is on the success of the Jalnidhi Scheme in providing clean drinking water and upcoming plans for inter-district transport and land reform.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com