മഴയിൽ വീടുകളിൽ വെള്ളം കയറി; മുൻ ജനപ്രതിനിധിയും മെംബറും തമ്മിൽ സംഘർഷം
Mail This Article
കുമളി ∙ കഴിഞ്ഞദിവസം പെയ്ത മഴയിൽ വീടുകളിൽ വെള്ളം കയറിയത് ഓട നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് പറഞ്ഞു മുൻ ജനപ്രതിനിധിയും നിലവിലെ മെംബറും തമ്മിൽ സംഘർഷം. സിപിഐക്കാരനായ പഞ്ചായത്ത് മെംബർ സിപിഎമ്മുകാരനായ മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബറെ മർദിച്ചതായി പരാതി.
റോസാപ്പൂക്കണ്ടം വാർഡ് മെംബർ എ.കബീർ അഴുത ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബറും ദേശാഭിമാനി കുമളി ലേഖകനുമായ കെ.എ.അബ്ദുൽ റസാഖിനെ മർദിച്ചതായാണ് പരാതി. എന്നാൽ തന്റെ നേരെ കയർത്തു സംസാരിച്ച റസാഖിനെ തള്ളിമാറ്റിയപ്പോൾ മറിഞ്ഞു വീഴുക മാത്രമാണ് ചെയ്തെന്നാണ് കബീറിന്റെ വാദം. തന്റെ കരണത്ത് പലതവണ അടിച്ച കബീർ തന്നെ തള്ളി താഴെയിട്ടു ചവിട്ടിയെന്ന് റസാഖ് പറഞ്ഞു.
റസാഖ് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പ്രശ്നം ഇപ്പോൾ ഇടുക്കി ഇടതുമുന്നണി നേതൃത്വത്തിന്റെ പരിഗണനയിലാണ്. കുമളി പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ റോസാപ്പൂക്കണ്ടം ഭാഗത്തെ വീടുകളിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വെള്ളം കയറിയത്. ഇതു പരിശോധിക്കാൻ ഇന്നലെ രാവിലെ 7നു പ്രദേശത്ത് എത്തിയതായിരുന്നു കബീറും റസാഖും. 2018-ലെ പ്രളയകാലത്തുപോലും വെള്ളം കയറാത്ത പ്രദേശത്തു 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച് ഓടയാണ് പ്രശ്നമായത്.