ഈ കാടുകയറി കിടക്കുന്നത് 50 ലക്ഷത്തിന്റെ വിശ്രമകേന്ദ്രം!
Mail This Article
രാജാക്കാട് ∙ രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് സമീപം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. 2020 നവംബറിൽ അന്നത്തെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന റെജി പനച്ചിക്കൽ മുൻകയ്യെടുത്ത് പണികഴിപ്പിച്ചതാണ് ഈ രണ്ടുനില കെട്ടിടം. കള്ളിമാലി വ്യൂ പോയിന്റിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കായാണ് വിശ്രമകേന്ദ്രം നിർമിച്ചത്.
ശുചിമുറികളുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശ്രമ കേന്ദ്രത്തിൽനിന്നാൽ പൊന്മുടി ഡാമിന്റെ വൃഷ്ടിപ്രദേശവും വനസമാനമായ തുരുത്തിന്റെ വിദൂര കാഴ്ചയും ആസ്വദിക്കാൻ കഴിയും. എന്നാൽ മുൻ യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച കള്ളിമാലി ടൂറിസം പദ്ധതി പിന്നീട് എങ്ങുമെത്താതെ പെരുവഴിയിലായി. ഇതോടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം കാടു കയറി. കെട്ടിടം സമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.