ടേക് എ ബ്രേക് പദ്ധതി: ലക്ഷ്യം കാണാതെ പൊടിച്ചത് ലക്ഷങ്ങൾ
Mail This Article
തൊടുപുഴ ∙ റോഡ് മാർഗം മാത്രം ആശ്രയമായ ജില്ലയിലെ വഴിയോരങ്ങളിൽ തുടങ്ങാനായി പദ്ധതിയിട്ട ടേക് എ ബ്രേക് ശുചിമുറി കെട്ടിടങ്ങൾ അടഞ്ഞു കിടക്കുന്നു. ഒരു ശുചിമുറി കെട്ടിടം പോലും പരിപാലിക്കാൻ കഴിയാതെ നിർമാണം മാത്രം നടത്തി തദ്ദേശ സ്ഥാപനങ്ങൾ ഇരുട്ടിൽ തപ്പുകയാണ്. ലക്ഷക്കണക്കിനു രൂപയാണ് ഇതിനായി ചെലവഴിച്ചത്. വൃത്തിയോടെ പരിപാലിക്കുന്നില്ലെന്നു മാത്രമല്ല പലതും നിർമാണം പൂർത്തിയായിട്ടും തുറന്നു കൊടുത്തിട്ടില്ല.
തൂക്കുപാലത്ത വഴിയിടം അനാഥം
ചെലവ്: കരുണാപുരം പഞ്ചായത്തും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 35 ലക്ഷം രൂപ
നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും തൂക്കുപാലത്തുള്ള കരുണാപുരം പഞ്ചായത്തിന്റെ വഴിയിടം പദ്ധതി അനാഥമായി കിടക്കുകയാണ്. രാമക്കൽമേട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന തിരക്കേറിയ ടൗണാണ് തൂക്കുപാലം.
ഇവിടെ എത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടേണ്ട പദ്ധതിയാണ് നശിച്ചുപോകുന്നത്. വിശ്രമിക്കാനും വസ്ത്രം മാറാനുമുള്ള മുറികളും വഴിയിടം സമുച്ചയത്തിലുണ്ട്. പ്രധാന പാതയിൽ നിന്നു മാറി തൂക്കുപാലം മാർക്കറ്റിനുള്ളിലാണ് സമുച്ചയം എന്നതു പോരായ്മയാണ്. പാതയിൽ നിന്നു സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
ചുരുളിയിൽ ചുരുളഴിയാതെ ചെലവ്: ജില്ലാ പഞ്ചായത്ത്, 14 ലക്ഷം രൂപ
കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിയിൽ നിർമിച്ച ശുചിമുറിയും വിശ്രമ കേന്ദ്രവും കാടുകയറി നശിക്കുകയാണ്. ആരും തിരിഞ്ഞു നോക്കുന്നില്ല. 2017 - 18 സാമ്പത്തിക വർഷത്തിൽ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചു നിർമിച്ച സമുച്ചയം 6 വർഷം പിന്നിടുമ്പോഴും ഉദ്ഘാടനം നടത്തിയിട്ടില്ല; തുറന്നും കൊടുത്തിട്ടില്ല. കഞ്ഞിക്കുഴി പഞ്ചായത്തിലെ പ്രളയബാധിത മേഖലയിൽ മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ള ഭാഗത്താണ് ശുചിമുറി നിർമിച്ചിരിക്കുന്നത്.
അടിമാലി - കുമളി ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രികർക്ക് ഉപയോഗിക്കുവാൻ വേണ്ടിയാണ് ശുചിമുറിയും വിശ്രമ കേന്ദ്രവും നിർമിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ ദേശീയപാതയിലെ അപകടവളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും പറ്റാത്ത സ്ഥലത്താണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. കൂടാതെ 500 മീറ്റർ മാത്രം അകലെ ചേലച്ചുവട് ബസ് സ്റ്റാൻഡിൽ ശുചിമുറി കോംപ്ലക്സ് ഉള്ളപ്പോൾ പണം പാഴാക്കാൻ വേണ്ടി മാത്രമാണ് ചുരുളിക്കു സമീപം സൗകര്യമില്ലാത്ത സ്ഥലത്ത് പദ്ധതി നിർമിച്ചതെന്നാണ് ആക്ഷേപം.
പഴയ മൂന്നാറിലെത്തിയാൽ മൂത്രമൊഴിക്കാൻ 10 രൂപ!
ചെലവ്: ഡിടിപിസി, 75 ലക്ഷം രൂപ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) കീഴിലുള്ള പഴയ മൂന്നാറിലെ ടേക് എ ബ്രേക്ക് സ്വകാര്യ വ്യക്തി ലേലത്തിലെടുത്തു കച്ചവട കേന്ദ്രമാക്കി മാറ്റി. സഞ്ചാരികൾക്കായി ശുചിമുറി സൗകര്യമുണ്ടെങ്കിലും അമിത നിരക്ക് ഈടാക്കുകയാണെന്നാണ് പരാതി. മൂത്രമൊഴിക്കുന്നതിനു 10 രൂപയാണ് നിരക്ക്. ദീർഘദൂര യാത്ര ചെയ്തു വരുന്ന സഞ്ചാരികൾക്കു വിശ്രമിക്കാൻ സൗകര്യം നൽകുന്നില്ല.
വിശ്രമസ്ഥലങ്ങൾ വരെ വാടകയ്ക്കു നൽകി കച്ചവടം പൊടിപൊടിക്കുകയാണ്. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ശുചിമുറിയും വിശ്രമസൗകര്യവും ഒരുക്കുന്നതിൽ വരെ സർക്കാർ പരാജയപ്പെടുന്നതാണ് സ്ഥിതി. ലേലത്തിനെടുത്തയാൾ മറ്റുള്ളവർക്ക് കെട്ടിടം അനധികൃതമായി വാടകയ്ക്ക് കൊടുക്കുന്നതായും പരാതിയുണ്ട്.
ആർക്കും പ്രയോജനമില്ലാതെ പൂപ്പാറയിലെ കേന്ദ്രം
ചെലവ്: ശാന്തൻപാറ പഞ്ചായത്ത്, 13.86 ലക്ഷം, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം
ശാന്തൻപാറ പഞ്ചായത്ത് പൂപ്പാറ ടൗണിനോടു ചേർന്നു നിർമിച്ചിട്ടുള്ള ടേക് എ ബ്രേക് പദ്ധതിയുടെ കെട്ടിടം മാസങ്ങളായി വെറുതേ കിടക്കുകയാണ്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഒട്ടേറെ യാത്രക്കാർക്ക് ഉപകാരപ്പെടേണ്ട പദ്ധതിയാണ് അനക്കമില്ലാതെ കിടക്കുന്നത്. ലേല നടപടികൾ വൈകുന്നതാണ് കാരണമെന്നാണ് വിശദീകരണം. ലേല നടപടികൾ പൂർത്തിയായെന്നും ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കുമെന്നും ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു.
ഉദ്ഘാടനം ചെയ്യില്ല, എല്ലാം കംഫർട്ട് ചെലവ്: വണ്ടൻമേട് പഞ്ചായത്ത്, 24.75 ലക്ഷം രൂപ
ടേക് എ ബ്രേക് പദ്ധതി പ്രകാരം വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടിയിൽ പണിത കംഫർട്ട് സ്റ്റേഷൻ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പുറ്റടി സിഎച്ച്സിയുടെ കൈവശത്തിലുള്ള സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 2021ലാണ് നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. ആശുപത്രിയുടെ സ്ഥലത്ത് ഇത് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതൽതന്നെ കല്ലുകടി ഉണ്ടായിരുന്നു. 13 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിട നിർമാണം തുടങ്ങിയത്. അതിനുശേഷം 5 ലക്ഷവും പിന്നീട് 4.90 ലക്ഷം രൂപയും അനുവദിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
വെള്ളമില്ലാത്തത് പ്രതിസന്ധിയായതോടെ 2.85 ലക്ഷം രൂപ കൂടി വകയിരുത്തി കുഴൽക്കിണർ നിർമിച്ച് മോട്ടർ സ്ഥാപിച്ചു. വൈദ്യുതി കണക്‌ഷൻ ലഭ്യമാകാൻ കാലതാമസം നേരിട്ടെങ്കിലും പിന്നീട് ലഭിച്ചു. കെട്ടിടനിർമാണം പൂർത്തിയാക്കി ഒരു മുറി മെഡിക്കൽ സ്റ്റോറിനും ഒരു മുറി കുടുംബശ്രീയുടെ കോഫി ഷോപ് തുടങ്ങാനും കൈമാറിയെന്നും അതിനായുള്ള പണികൾ നടന്നുവരുകയാണെന്നും അതു പൂർത്തിയാക്കി ഒരുമാസത്തിനകം ഉദ്ഘാടനം നടത്തുമെന്നും വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിൽ പറഞ്ഞു.
സാമൂഹിക വിരുദ്ധർക്കായി ഒരു വിശ്രമകേന്ദ്രം
ചെലവ്: ദേവികുളം ബ്ലോക്ക് പഞ്ചായത്ത്, 20 ലക്ഷം രൂപ
മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത്, പാമ്പുംകയം എന്നിവിടങ്ങളിൽ ടേക് എ ബ്രേക് പദ്ധതിയിലെ ശുചിമുറി കോംപ്ലക്സുകൾ ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. പെരുമ്പൻകുത്ത് വെള്ളച്ചാട്ടം, പാമ്പുംകയത്തിന് സമീപമുള്ള നക്ഷത്രക്കുത്ത് എന്നിവിടങ്ങളിൽ എത്തുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ശുചിമുറി കോംപ്ലക്സ്. ഉദ്ഘാടനം വൈകുന്നതോടെ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയാണ്.