ഗതാഗതം നിയന്ത്രിക്കാൻ ആളില്ല; കുമളിയിൽ ഗതാഗതക്കുരുക്ക്
Mail This Article
കുമളി ∙ ട്രാഫിക് നിയന്ത്രണത്തിന് പൊലീസ് ഇല്ല, ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കുമളിയും ഒന്നാം മൈലും. ഇന്നലെ വൈകുന്നേരം 5 മുതലാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഈ സമയം ചെയ്ത ശക്തമായ മഴയും സ്ഥിതി കൂടുതൽ വഷളാക്കി. ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് എത്തിയ വിദ്യാർഥികളും വിനോദ സഞ്ചാരികളും ഉൾപ്പെടെ യാത്രക്കാർ ഏറെ നേരം ബുദ്ധിമുട്ടിലായി.
ശക്തമായ മഴയിൽ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും സ്ഥിതി വഷളാക്കി.ഗതാഗതക്കുരുക്ക് രൂക്ഷമായ ചെളിമട, ഒന്നാം മൈൽ എന്നിവിടങ്ങളിൽ പൊലീസുകാരുടെ അഭാവത്തിൽ നാട്ടുകാർ ട്രാഫിക് നിയന്ത്രിക്കാൻ രംഗത്തിറങ്ങേണ്ടി വന്നു. ദീപാവലി അവധി പ്രമാണിച്ച് വിനോദ സഞ്ചാരികളുടെ തിരക്കുണ്ട്.
അതിനൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ മൂവായിരത്തോളം പേരാണ് എത്തിയത്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് പുറമേ കുട്ടികളുമായി എത്തിയ വാഹനങ്ങൾ കൂടിയായപ്പോൾ ഇന്നലെ രാവിലെ മുതൽ കുമളിയിൽ ഗതാഗത പ്രശ്നങ്ങൾ ചെറിയ തോതിലുണ്ടായിരുന്നു.
പൊലീസ് ഇതു കാര്യമായി എടുക്കാതെ വന്നതിനാലാണ് ട്രാഫിക് നിയന്ത്രിക്കാൻ ആളുകളെ നിയോഗിക്കാതിരുന്നത്. വൈകുന്നേരം ആറരയോടെ സ്ഥിതി രൂക്ഷമായപ്പോഴാണ് ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് രംഗത്തെത്തിയത്.