വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല; ന്യൂമാൻ കോളജ് ജംക്ഷനിൽ വെള്ളക്കെട്ട്
Mail This Article
തൊടുപുഴ ∙ മഴ പെയ്താൽ കാഞ്ഞിരമറ്റം–മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജ് ജംക്‌ഷനിലൂടെ യാത്ര ചെയ്യുന്നവർ വെള്ളക്കെട്ടിൽപെട്ടതു തന്നെ. കഴിഞ്ഞ വർഷം ആധുനിക നിലവാരത്തിൽ ഇരു ഭാഗത്തും നടപ്പാത നിർമിച്ച് ടൈൽ പാകിയെങ്കിലും റോഡിൽ വീഴുന്ന വെള്ളം പുറത്തേക്കൊഴുകാൻ സംവിധാനം ഇല്ലാത്തതിനാൽ മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ട് പതിവായി.
ഇരുചക്ര വാഹന യാത്രക്കാരും മറ്റ് ചെറു വാഹനങ്ങളുമാണ് വെള്ളക്കെട്ടിൽപെട്ട് യാത്രാദുരിതം അനുഭവിക്കുന്നത്.ഇവിടെ റോഡിലും ടൈൽ പാകിയെങ്കിലും ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള മതിയായ സംവിധാനം ഉണ്ടാക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. കഴിഞ്ഞ വർഷം തന്നെ ഇവിടെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായിരുന്നു.
ഇതിനു പരിഹാരം ഉണ്ടാക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും യാതൊന്നും നടന്നില്ല. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം അരികിലെ നടപ്പാതയിലൂടെ പോകുന്നവരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാക്കാൻ പൊതുമരാമത്ത് അധികൃതരും നഗരസഭയും നടപടി സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.