ഹൈറേഞ്ച് കവലയിൽ സീബ്രാ ലൈൻ മാഞ്ഞു; അപകടം അരികെ
Mail This Article
വണ്ണപ്പുറം ∙ ഹൈറേഞ്ച് കവലയിൽ സീബ്രാ ലൈൻ മാഞ്ഞു. വണ്ണപ്പുറം ടൗണിൽ മൂന്നു പ്രധാന റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനിൽ ഉണ്ടായിരുന്ന സീബ്രാലൈനാണു യാത്രക്കാർക്ക് ദൃശ്യമാകാതായത്. തൊടുപുഴ– വണ്ണപ്പുറം, ചേലച്ചുവട്–വണ്ണപ്പുറം, മൂവാറ്റുപുഴ–വണ്ണപ്പുറം റോഡുകൾ സംഗമിക്കുന്ന ഭാഗത്തായിരുന്നു വെള്ള വരകൾ. ഏറെ തിരക്കുള്ള ഭാഗമാണ് ഇവിടം. ഇതിനു സമീപം തന്നെ ബസ് സ്റ്റോപ്പുമുണ്ട്. നൂറു കണക്കിനു യാത്രക്കാർ റോഡു മുറിച്ചു കടക്കേണ്ട സ്ഥലമാണിത്. രാവിലെയും വൈകിട്ടും ഹോം ഗാർഡുകളെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ഡ്യൂട്ടി കഴിഞ്ഞ് പോയാൽ പിന്നെ വാഹനങ്ങൾ തന്നിഷ്ടം പോലെയാണ് ഇതിലെ കടന്നു പോകുന്നത്. ആളുകൾ ഇതിലെ നടന്നാലും ഡ്രൈവർമാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
കഴിഞ്ഞ ഏതാനും മാസം മുൻപ് സ്വകാര്യ ബസും ഓട്ടോറിക്ഷയും സീബ്രാലൈനിൽ കൂട്ടിയിടിച്ചിരുന്നു. യാത്രക്കാർ ഇതുവഴി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. അന്ന് ഭാഗ്യം കൊണ്ടാണ് ആർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. മാഞ്ഞു പോയ സീബ്രാലൈൻ പുന:സ്ഥാപിക്കാൻ പൊതുമരാമത്തു വകുപ്പ് തയാറാകാത്തതിൽ വ്യാപാരികൾക്കും നാട്ടുകാർക്കും പ്രതിഷേധമുണ്ട്. അടിയന്തരമായി ഈ ഭാഗത്ത് പഴയ സീബ്രാലൈൻ പുന:സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെയും കാൽനട യാത്രക്കാരുടെയും ആവശ്യം. അതോടൊപ്പം തന്നെ ഈ മൂന്നും കൂടിയ ജംക്‌ഷനിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തിന്റെയോ ഭാഗത്ത് നിന്ന് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തം.