പിങ്ക് കഫേ തുറക്കാൻ നടപടിയില്ല; വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം
Mail This Article
മൂന്നാർ ∙ എട്ടുമാസമായി പൂട്ടിക്കിടക്കുന്ന കെഎസ്ആർടിസിയുടെ പിങ്ക് കഫേ തുറക്കാൻ നടപടിയില്ല. പ്രവർത്തനം നിലച്ചതോടെ വകുപ്പിനു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.കഴിഞ്ഞ മാർച്ചിലാണു പഴയ മൂന്നാറിലെ ഡിപ്പോയിൽ പ്രവർത്തിച്ചിരുന്ന കഫേ അടച്ചു പൂട്ടിയത്. അമിതവാടക താങ്ങാൻ കഴിയാത്തതിനാലാണു കുടുംബശ്രീ അവസാനിപ്പിച്ചത്.
20,000 രൂപയായിരുന്ന മാസവാടക പെട്ടെന്ന് അധികൃതർ 25,000 ആയി വർധിപ്പിച്ചതാണു പൂട്ടാൻ കാരണം. പ്രവർത്തനരഹിതമായിരുന്ന പഴയ ബസ് റസ്റ്റോറന്റ് മാതൃകയിലാക്കിയായിരുന്നു കഫേ പ്രവർത്തിച്ചിരുന്നത്. വീടുകളിൽ വച്ച് തയാറാക്കുന്ന ഭക്ഷണങ്ങൾക്കൊപ്പം മറ്റ് ആഹാരസാധനങ്ങൾ ഇവിടെവച്ചുതന്നെ സഞ്ചാരികൾക്കു ചൂടായി ഉണ്ടാക്കി നൽകി വരികയായിരുന്നു. നാടൻ ഭക്ഷണങ്ങൾ വിലക്കുറവിൽ ലഭിച്ചിരുന്ന കഫേ ചുരുങ്ങിയ കാലം കൊണ്ടു മൂന്നാറിൽ സന്ദർശനത്തിനെത്തിയിരുന്ന സഞ്ചാരികളുടെ ഇഷ്ട ഭക്ഷണശാലയായി.
ഡിപ്പോയിൽ പ്രവർത്തിച്ചിരുന്ന പ്രധാന കന്റീൻ രണ്ടു വർഷമായി അടഞ്ഞുകിടക്കുകയാണ്. വകുപ്പിന് വാടകയിനത്തിൽ മികച്ച വരുമാനം ലഭിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളും പ്രവർത്തനരഹിതമായി ഏറെ നാൾ കഴിഞ്ഞിട്ടും പുന:രാരംഭിക്കാൻ കെഎസ്ആർടിസി അധികൃതർ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.