ടൂറിസ്റ്റ് ബസ് കുടുങ്ങി; വണ്ണപ്പുറം ചേലച്ചുവട് റോഡിൽ തടസ്സം
Mail This Article
വണ്ണപ്പുറം ∙ തീർഥാടകരുമായി കോതമംഗലത്തു നിന്നു വന്ന ടൂറിസ്റ്റ് ബസ് വണ്ണപ്പുറം ചേലച്ചുവട് റോഡിൽ കുടുങ്ങി. ഞായറാഴ്ച വൈകിട്ട് ആറിനാണു സംഭവം. തുടർന്നു രണ്ടു മണിക്കൂറോളം വണ്ണപ്പുറം–ചേലച്ചുവട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അണക്കര ധ്യാന കേന്ദ്രത്തിലേക്ക് തീർഥാടകരുമായി വണ്ണപ്പുറം വഴി പോകുന്നതിനിടെ കള്ളിപ്പാറയിൽ വച്ചു ബാറ്ററി തകരാറിനെ തുടർന്നാണു ബസ് റോഡിൽ നിന്നത്.
വാഹനത്തിന്റെ ലൈറ്റുകളും പ്രവർത്തിച്ചില്ല. റോഡിൽ തടസ്സം ഉണ്ടായതോടെ ഹൈവേ പൊലീസ് സ്ഥലത്ത് എത്തി ഗതാഗതം തിരിച്ചു വിട്ടു. ചില വാഹനങ്ങൾ പട്ടയക്കുടി വഴി മുള്ളരിങ്ങാട്–കോട്ടപ്പാറ വഴിയാണ് വണ്ണപ്പുറത്ത് എത്തിയത്. എന്നാൽ കൂടുതൽ വാഹനങ്ങൾക്കും ഇതുവഴി പോകാനായില്ല. ഇതോടെ ഒട്ടേറെ വാഹനങ്ങൾ റോഡിൽ കുടുങ്ങി.
രണ്ടു മണിക്കൂറിലേറെ സമയം ഇതുമൂലം വണ്ണപ്പുറം മുതൽ വെൺമണി വരെയുള്ള റോഡിലൂടെ വാഹന ഗതാഗതം പൂർണമായി നിലച്ചു. വണ്ണപ്പുറം–ചേലച്ചുവട് റോഡിന് വീതിയില്ലാത്തതും ഗതാഗത തടസ്സം ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചു വിടാൻ സമാന്തര പാത ഇല്ലാത്തതുമാണ് പ്രശ്‌നമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കരിമണ്ണൂർ–നെയ്യശേരി–തൊമ്മൻകുത്ത്–നാരങ്ങാനം–മുണ്ടൻമുടി റോഡും വെൺമണി–ആനക്കുഴി– മുള്ളരിങ്ങാട്– കോട്ടപ്പാറ– വണ്ണപ്പുറം റോഡും പണി പൂർത്തിയായാൽ ചേലച്ചുവട് റോഡിൽ ഗതാഗത തടസ്സം ഉണ്ടായാൽ ചെറിയ തോതിൽ പരിഹരിക്കാൻ കഴിയും.