എക്സ്റേ യൂണിറ്റ് ഇല്ലാതായിട്ട് 9 മാസം; അടിമാലി താലൂക്ക് ആശുപത്രിയിൽ ദുരിതം
Mail This Article
അടിമാലി ∙ താലൂക്ക് ആശുപത്രിയിൽ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് 9 മാസം. രോഗികൾ ദുരിതത്തിൽ; കൂസലില്ലാതെ അധികൃതർ.ആശുപത്രിക്കു വേണ്ടിയുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എക്സ്റേ യൂണിറ്റ് കെട്ടിടം പൊളിച്ചുമാറ്റിയതോടെയാണ് പ്രവർത്തനം നിർത്തിവച്ചത്. പകരം സംവിധാനം ഏർപ്പെടുത്താൻ ആശുപത്രി അധികൃതർ തയാറാകണമെന്ന ആവശ്യം അധികൃതർ നടപ്പാക്കിയില്ല. ഇതോടെ 9 മാസമായി സ്വകാര്യ എക്സ്റേ ലാബുകളെ ആശ്രയിക്കേണ്ട രോഗികളുടെ ഗതികേട് തുടരുകയാണ്. ശരാശരി എണ്ണൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ദേവികുളം താലൂക്കിലെയും ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളലെയും ജനങ്ങളുടെ ആശ്രയമാണ് ആശുപത്രി.
മുടന്തൻ ന്യായങ്ങൾ
∙ആദ്യത്തെ ന്യായം: പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ എക്സ്റേ യൂണിറ്റ് പ്രവർത്തനം ആരംഭിക്കാൻ കഴിയും. 4 മാസം മുൻപ് കെട്ടിട നിർമാണം പൂർത്തിയായി. ഇതോടെ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് എക്സ്റേ യൂണിറ്റിന്റെ ബോർഡ് മാത്രം വച്ചു.
∙രണ്ടാമത്തെ ന്യായം: വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടില്ല, യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാനാകില്ല. 3 ആഴ്ച മുൻപ് വൈദ്യുതി കണക്‌ഷൻ ലഭിച്ചു. എന്നാൽ എക്സ്റേ സാമഗ്രികൾ ഇൻസ്റ്റാൾ ചെയ്യാൻ വൈദഗ്ധ്യമുള്ള ടെക്‌നിഷൻ വേണമെന്നും ഇതിനു വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നുവെന്നും പറയുന്നു.
രോഗികൾക്ക് ആശ്രയം സ്വകാര്യ ലാബുകൾ
ആശുപത്രിയുടെ നിയന്ത്രണമുള്ള ബ്ലോക്ക് പഞ്ചായത്തും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും മുടന്തൻ ന്യായങ്ങൾ നിരത്തി മുന്നോട്ടു പോകുമ്പോൾ ഇവിടെ ചികിത്സ തേടി എത്തുന്ന രോഗികളിൽ എക്സ്റേ ആവശ്യമായി വരുന്നവരുടെ ദുരിതം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ആദിവാസി സങ്കേതങ്ങളിൽനിന്നുള്ളവരും തോട്ടം തൊഴിലാളികളുമാണ് കൂടുതലായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. ഇത്രയേറെ ദുരിതം അനുഭവിക്കുന്ന രോഗികൾ 9 മാസത്തോളമായി സ്വകാര്യ എക്സ്റേ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതിനു പിന്നിൽ ഭരണാധികാരികളുടെ ഉദാസീന നിലപാടാണെന്ന ആക്ഷേപം ശക്തമാണ്.