ADVERTISEMENT

മൂന്നാർ∙ ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനം (സീപ്ലെയിൻ) എത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 രാവിലെ 11ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എംഎൽഎമാരായ എ.രാജ, എം.എം.മണി എന്നിവർ പങ്കെടുക്കും. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യും.

കെഎസ്ഇബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടി. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ്  സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവം സമ്മാനിക്കും. 

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായൽ, കൊല്ലം അഷ്ടമുടി കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങിയ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ തലത്തിൽ ആലോചനയുണ്ട്.

English Summary:

Idukki gears up to welcome its first-ever seaplane, set to land on Mattupetty Lake on November 11th. This historic event paves the way for a new era of tourism in the region, connecting major water bodies and airports across Kerala via a potential seaplane circuit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com